Top

18,000 കടന്ന് ‌രാജ്യത്തെ കൊവിഡ് കേസുകൾ; സജീവ കേസുകൾ 1 ലക്ഷത്തിൽ കൂടുതൽ

കൊവിഡ് ബാധിച്ച് 39 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

1 July 2022 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

18,000 കടന്ന് ‌രാജ്യത്തെ കൊവിഡ് കേസുകൾ; സജീവ കേസുകൾ 1 ലക്ഷത്തിൽ കൂടുതൽ
X

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കൊവി‍ഡ് കേസുകൾ 18,000-ത്തിലധികം കടന്നു. 18,819 ആണ് പുതിയ കൊവിഡ് കേസുകൾ. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,34,52,164 ആയി. 130 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കൊവിഡ് കേസുകൾ ഇത്രയധികം വർധിക്കുന്നത്. സജീവ കേസുകൾ 1 ലക്ഷം കടന്നുവെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

കൊവിഡ് ബാധിച്ച് 39 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,25,116 ആയി ഉയർന്നു. കൊവിഡ് മുക്തരായവരുടെ നിരക്ക് 98.55 ശതമാനമായി രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 4,953 വർദ്ധനവാണ് സജീവമായ കൊവിഡ് കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.72 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. കേരളം, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, പഞ്ചാബ്, ഹരിയാന, കർണാടക, പശ്ചിമ ബംഗാൾ ഡൽഹി, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര 7, ഉത്തർപ്രദേശ് 4, പഞ്ചാബ് 3, ഹരിയാന, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ട് വീതം, ഡൽഹി, സിക്കിം എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. മഹാരാഷ്ട്രയിൽ ആകെ കൊവിഡ് മരണസംഖ്യ 1,47,922 ആയി. കേരളം 69,993, കർണാടക 40,117, തമിഴ്‌നാട് 38,026, ഡൽഹി 26,261, ഉത്തർപ്രദേശ് 23,538, പശ്ചിമ ബംഗാൾ 21,218 എന്നിങ്ങനെയാണ് ആകെയുളള മരണസംഖ്യ.

2020 ഓഗസ്റ്റ് 7-ന് 20 ലക്ഷവും, ഒക്ടോബർ 11-ന് 70 ലക്ഷവും, ഡിസംബറിൽ ഒരു കോടിയായും കൊവിഡ് കേസുകളുടെ എണ്ണം കടന്നിരുന്നു. ഈ വർഷം ജനുവരിയിൽ നാല് കോടിയായും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 197.61 കോടി ഡോസ് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

STORY HIGHLIGHTS: India Records Over 18,000 Covid Cases


Next Story