Top

'അതെങ്ങനെ പ്രശംസയാവും'; ഗെഹലോട്ടിനെ സംരക്ഷിച്ച് കോണ്‍ഗ്രസ്

മംഗഡ് ഡാമിലെ ചടങ്ങില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചിട്ടില്ലെന്നും മറിച്ച് യാഥാര്‍ത്ഥ്യം കാണിച്ച് കൊടുക്കുകയായിരുന്നെന്നും പാര്‍ട്ടി വിശദീകരണം നല്‍കി

3 Nov 2022 8:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതെങ്ങനെ പ്രശംസയാവും; ഗെഹലോട്ടിനെ  സംരക്ഷിച്ച് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പുകഴത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ്. മംഗഡ് ഡാംമിലെ ചടങ്ങില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചിട്ടില്ലെന്നും മറിച്ച് യാഥാര്‍ത്ഥ്യം കാണിച്ച് കൊടുക്കുകയായിരുന്നെന്നും പാര്‍ട്ടി വിശദീകരണം നല്‍കി. ചൊവ്വാഴ്ച്ച മോദിയുമായി വേദി പങ്കിട്ട ഗെഹ്ലോട്ട് പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

ഗഹ്ലോട്ടിന്റെ പരാമര്‍ശത്തിന് പിന്നാലെ അദേഹത്തെ വിമര്‍ശിച്ചുകൊണ്ട് രാജസ്ഥാന്‍ മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും രംഗത്തെത്തിയിരുന്നു. ഗെഹ്ലോട്ടിന്റെ പരാമര്‍ശത്തെ അത്ര നിസ്സാരമായി കാണാനാകില്ലെന്നും ഇതേ രീതിയിലാണ് പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും നരേന്ദ്രമോദിയെ പുകഴ്ത്തിയിരുന്നതെന്നും അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതല്ലേയെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചിരുന്നു.

എന്റെ അടുത്തിരിക്കുന്ന ഒരാളോട്, നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തി കൊണ്ടല്ല, മറിച്ച് നിങ്ങള്‍ ഗാന്ധിജിയുടെയും നെഹറുവിന്റെയും അംബേദ്കറിന്റെയും രാജ്യത്ത് നിന്നും വരുന്ന ആളായത് കൊണ്ടാണെന്നും പറയുമ്പോള്‍ ആയാളെ അപമാനിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ പ്രതികരിച്ചു. കൂടാതെ ഇതില്‍ ആരാണ് ബഹുമാനം കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഗെഹലോട്ടും പൈലറ്റും ആവര്‍ത്തിച്ച് പറഞ്ഞതായും സുപ്രിയ ശ്രിന്റെ പറഞ്ഞു. കൂടാതെ നേതാക്കന്‍മാരുടെ അഭിപ്രായങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ക്ക് പല അഭ്യൂഹങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്നും അതില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും അവര്‍ വ്യക്തമാക്കി. ഇരുനേതാക്കന്മാരും തമ്മില്‍ പ്രത്യക്ഷത്തില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉളള സാഹചര്യത്തിലാണ് സുപ്രിയ ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ പാര്‍ട്ടി നേതാക്കളോട് അച്ചടക്കം പാലിക്കണമെന്നും പ്രസ്താവനകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ വിജയിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

1913 ല്‍ രാജസ്ഥാനിലെ മംഗഡില്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത ഗോത്രവര്‍ഗക്കാരെ സ്മരിക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയും അശോക് ഗെഹ്ലോട്ടും വേദി പങ്കിട്ടത്. ജനാധിപത്യത്തിന്റെ വേരുകള്‍ ആഴത്തിലുള്ള രാജ്യത്ത് 70 വര്‍ഷത്തിന് ശേഷവും ജനാധിപത്യം സജീവമാണ്. മോദിക്ക് ആഗോള തലത്തില്‍ ആദരവ് ലഭിക്കുന്നത് മഹാത്മാഗാന്ധിയുടെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയായത് കൊണ്ടാണെന്നായിരുന്നു ഗെഹ്ലോട്ട് പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അശോക് ഗെഹ്ലോട്ടിന്റെ പരാമര്‍ശം വിവാദമായത്.

പ്രധാനമന്ത്രിയും ഗെഹ്ലോട്ടിനെ പ്രശംസിച്ചാണ് സംസാരിച്ചത്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറ്റവും സീനിയറായിരുന്നു ഗെഹ്ലോട്ട്. ഇപ്പോഴും വേദിയില്‍ മുതിര്‍ന്ന മുഖ്യമന്ത്രിയാണ് ഗെഹ്ലോട്ടെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് എംപിയായിരിക്കെ ഗുലാം നബി ആസാദ് രാജ്യസഭയില്‍ മോദിയെ പ്രശംസിച്ചത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. മോദിയെ പോലുള്ള നേതാക്കളില്‍ അഭിമാനമുണ്ടെന്നതുള്‍പ്പെടെയായിരുന്നു ആസാദിന്റെ പരാമര്‍ശം.

STORY HIGHLIGHTS: 'How it become praise'; Congress defends Gehlot

Next Story