ഹരീഷ് റാവത്തിന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; ബിജെപിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
മുസ്ലീമാണെന്ന് കാണിച്ച് മോര്‍ഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്തുവെന്നാണ് നോട്ടീസില്‍ പറയുന്നത്.
6 Feb 2022 3:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന് ബിജെപിക്ക് നോട്ടീസ്. വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരാഖണ്ഡ് ബിജെപിക്ക് നോട്ടീസ് അയച്ചത്. മുസ്ലീമാണെന്ന് കാണിച്ച് മോര്‍ഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്തുവെന്നാണ് നോട്ടീസില്‍ പറയുന്നത്. മോഡല്‍ കോഡ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
ഫെബ്രുവരി 3 ന് രാത്രി 9.34 ന് ബിജെപി ഉത്തരാഖണ്ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് റാവത്തിനെ ഒരു പ്രത്യേക സമുദായത്തില്‍ പെട്ടയാളാണെന്ന് തെറ്റായി ചിത്രീകരിച്ച് മോര്‍ഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് മോഡല്‍ കോഡ് ലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിക്ക് നോട്ടീസ് അയച്ചത്.
കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസാരിക്കുകയും ബിജെപിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മോഡല്‍ കോഡും നിയമത്തിലെ മറ്റ് വ്യവസ്ഥകളും ലംഘിച്ചതായും ജനങ്ങള്‍ക്കിടയില്‍ മതപരമായ കാരണങ്ങളാല്‍ അസ്വാരസ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ആരോപിച്ചിരുന്നു. തുടര്‍ന്ന് ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.