Top

'ഇവിടെ വന്ന് ഓഫീസ് തുറക്കൂ'; ഇ ഡിയെ പരിഹസിച്ച് തേജസ്വി യാദവ്

ബിജെപിയുടെ ഒരു വിഭാഗം പോലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

11 Aug 2022 12:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇവിടെ വന്ന് ഓഫീസ് തുറക്കൂ; ഇ ഡിയെ പരിഹസിച്ച് തേജസ്വി യാദവ്
X

ന്യൂഡല്‍ഹി: ഇ ഡിക്കെതിരെ പരിഹാസവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഇ ഡി നടപടികളെക്കുറിച്ച് ആശങ്കയില്ലേ എന്ന ചോദ്യത്തിന് 'എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ബിഹാറിലേക്ക് ക്ഷണിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു തേജസ്വിയുടെ പ്രതികരണം.

'ഇ ഡിക്ക് ഞങ്ങളുടെ സ്ഥലത്ത് വന്ന് ഓഫീസ് തുറക്കാം. ദയവായി വന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം കാലം ഇവിടെ താമസിക്കുക' ബിഹാര്‍ ഉപമുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഒരു വിഭാഗം പോലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയത്. എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് മഹാസഖ്യത്തോടൊപ്പം ചേര്‍ന്ന ജനതാദള്‍ യുണൈറ്റഡിന്റെ നിതീഷ് കുമാറിനെ തന്നെ മഹാസഖ്യം മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച്ചയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുകയും ചെയ്തത്. വൈകുന്നേരം നാല് മണിയോടെ നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവണര്‍ ഫാഗു ചൗഹാനെ കാണുകയും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമായിരുന്നു.

അതേസമയം മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുകയും ചെയ്ത നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ബിഹാറിലെ ജനങ്ങളേയും ബിജെപിയേയും വഞ്ചിക്കുകയാണ് നിതീഷ് ചെയ്തതെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'2020 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കീഴില്‍ ഞങ്ങള്‍ ഒരുമിച്ച് പോരാടി, ജനവിധി ജെഡിയുവിനും ബി ജെ പിക്കും അനുകൂലമായിരുന്നു. ഞങ്ങള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി. ഇന്ന് സംഭവിച്ചതെല്ലാം ബിഹാറിലെ ജനങ്ങളോടും ബിജെപിയോടുമുള്ള വഞ്ചനയാണ്'. ജയ്‌സ്വാള്‍ പറഞ്ഞു.

Story highlights: 'Come here and open the office'; Tejashwi Yadav mocks ED

Next Story