ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്
ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇൻഡ്യ മുന്നണി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്‍ഡ്യ മുന്നണി എംഎല്‍എമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചെംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ജൂണ്‍ 28നായിരുന്നു അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന്‍ ഭൂമി കുംഭകോണക്കേസില്‍ ജാമ്യത്തിലിറങ്ങിയത്. കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്.

നേരത്തെ റാഞ്ചിയിൽ ഇൻഡ്യ സഖ്യം എംഎൽഎമാരുടെ യോഗം ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. 2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹേമന്ത് സോറന്‍ രാവിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരായ കേസ്. അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറൻ ജാ‍ർ‌ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയിൽ ഒപ്പിടൂ എന്ന് സോറൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഹേമന്ത് സോറൻ രാജിവയ്ക്കുകയായിരുന്നു.

കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കൽക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com