കോൺ​ഗ്രസ് രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു; രാജ്‌നാഥ് സിങ്ങ്

കോൺഗ്രസ് മുസ്ലിം വിഭാഗത്തെ വോട്ട് ബാങ്ക് മാത്രമായാണ് കണക്കാക്കുന്നത്
കോൺ​ഗ്രസ് രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു; രാജ്‌നാഥ് സിങ്ങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വേര്‍തിരിവ് ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്ന കോണ്‍ഗ്രസ് തീകൊണ്ട് കളിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്ങ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പക്ഷെ ഫയറില്ലെന്നും രാജ്‌നാഥ് സിങ്ങ് വിമര്‍ശിച്ചു. മതാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്ങ്.

കോണ്‍ഗ്രസ് സമൂഹത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ മുസ്ലിം വിഭാഗത്തെ വോട്ട് ബാങ്ക് മാത്രമായാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം. രാജ്യ നിര്‍മ്മിതിക്ക് വേണ്ടിയാകണം രാഷ്ട്രീയമെന്ന് തനിക്ക് കോണ്‍ഗ്രസിനോട് നിര്‍ദ്ദേശിക്കാനുണ്ടെന്നും രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി. ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുന്നതിനായി കോണ്‍ഗ്രസ് ഹിന്ദു-മുസ്ലിം കാര്‍ഡ് ഇറക്കുകയാണെന്നും രാജ്‌നാഥ് സിങ്ങ് കുറ്റപ്പെടുത്തി. അവര്‍ക്ക് മുന്നില്‍ മറ്റ് വിഷയങ്ങളൊന്നുമില്ല. സമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

അനന്തരാവകാശ നികുതി ഏര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെയും രാജ്‌നാഥ് സിങ്ങ് വിമര്‍ശിച്ചു. അനന്തരാവകാശ നിയമം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിക്കുമെന്നും രാജ്‌നാഥ് സിങ്ങ് ചൂണ്ടിക്കാണിച്ചു. നേരത്തെ അര്‍ജ്ജന്റീനയും വെനസ്വേലയും ഇത് നടപ്പിലാക്കിയതും അതിന്റെ ഭീതിദമായ പ്രത്യാഘാതം അനുഭവിച്ചതും രാജ്‌നാഥ് സിങ്ങ് എടുത്തുപറഞ്ഞു. അനന്തരവകാശ നികുതി നടപ്പിലാക്കിയാല്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുമെന്നും രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി.

നടന്നു കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകളും എന്‍ഡിഎ മുന്നണി 400 സീറ്റുകളും നേടുമെന്നും രാജ്‌നാഥ് സിങ്ങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉത്തര്‍പ്രദേ ശിലും ബംഗാളിലും ബിജെപി സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് അവകാശപ്പെട്ട രാജ്‌നാഥ് സിങ്ങ് തമിഴ്‌നാട്ടില്‍ നിന്ന് ഏതാനും സീറ്റുകള്‍ നേടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും വ്യക്തമാക്കി. ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും ഗണ്യമായ സീറ്റുകള്‍ നേടുമെന്ന് വ്യക്തമാക്കിയ രാജ്‌നാഥ് സിങ്ങ് ഒഡീസയിലും ജാര്‍ഖണ്ഡിലും അസമിലും സീറ്റ് വര്‍ദ്ധിപ്പിക്കുമെന്നും പറഞ്ഞു. ഛത്തീസ്ഗഡില്‍ സീറ്റുകള്‍ തൂത്തുവാരുമെന്നും രാജ്‌നാഥ് സിങ്ങ് അവകാശപ്പെട്ടു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള ചോദ്യത്തിന് ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ മറുപടി. തങ്ങളുടെ വിശ്വാസ്യതയ്ക്ക് നേരെ ഒരു ചോദ്യചിഹ്നവും ഉയരാന്‍ അനുവദിക്കില്ലെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമാകുന്ന ഒന്നിനും വേണ്ടി സന്ധിചെയ്യില്ലെന്നും രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പിലാക്കുമെന്നും പറഞ്ഞതെന്തോ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com