ചന്ദ്രനിലേക്ക് പോയാൽ ഇത്രയുമാവില്ലല്ലോ? 62 രൂപയ്ക്ക് ഊബർ വിളിച്ചു, ബില്ല് വന്നത് 7.66 കോടി!

62 രൂപയാണ് സ്ഥിരമായി ഊബർ ഈടാക്കാറുള്ളത്. എന്നാൽ, വെള്ളിയാഴ്ച യാത്രയ്ക്കവസാനം ദീപകിന് ബില്ല് ലഭിച്ചത് 7. 66 കോടി രൂപയ്ക്കാണ്.
ചന്ദ്രനിലേക്ക് പോയാൽ ഇത്രയുമാവില്ലല്ലോ? 62 രൂപയ്ക്ക് ഊബർ വിളിച്ചു, ബില്ല് വന്നത് 7.66 കോടി!

ഡൽഹി: 62 രൂപ മാത്രം ചെലവ് വരുന്ന ഓട്ടോ യാത്രയ്ക്ക് ഊബറിനെ ആശ്രയിച്ച ഉപഭോക്താവിന് കിട്ടിയത് കോടികളുടെ ബില്ല്. നോയിഡയിലാണ് സംഭവം. പതിവായി പോകുന്ന വഴിയിലൂടെയുള്ള യാത്രയ്ക്കാണ് ദീപക് തെങ്കൂരിയ എന്ന യുവാവ് വെള്ളിയാഴ്ച ഊബർ ഓട്ടോ വിളിച്ചത്. 62 രൂപയാണ് സ്ഥിരമായി ഊബർ ഈടാക്കാറുള്ളത്. എന്നാൽ, വെള്ളിയാഴ്ച യാത്രയ്ക്കവസാനം ദീപകിന് ബില്ല് ലഭിച്ചത് 7. 66 കോടി രൂപയ്ക്കാണ്.

ദീപകിന്റെ സുഹൃത്ത് എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വാർത്തയായത്. ഇരുവരും ബില്ലിനെക്കുറിച്ച് പറയുന്ന വീഡിയോ വളരെ വേ​ഗം വൈറലായി. എത്ര രൂപയായെന്ന് നോക്കട്ടെ എന്ന് സുഹൃത്ത് പറയുമ്പോൾ ഫോണിൽ ബില്ല് കാണിച്ച് 7,66,83,762 രൂപ എന്ന് ദീപക് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. 1,67,74,647 യാത്രാ ചെലവായും 5,99,09189 രൂപ വെയിറ്റിം​ഗ് ചാർജായും ആണ് ഈടാക്കിയിരിക്കുന്നത്. എന്തായാലും 75 രൂപ കുറച്ചുനൽകിയിട്ടുമുണ്ട്.

ഡ്രൈവർ‌ തനിക്കായി കാത്തുനിൽക്കേണ്ടി വന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ വെയിറ്റിം​ഗ് ചാർജ് വരേണ്ട കാര്യമില്ലെന്നും വീഡിയോയിൽ ദീപക് പറയുന്നുണ്ട്. ജിഎസ്ടി ചാർജൊന്നും ബില്ലിൽ രേഖപ്പെടുത്തിയിട്ടില്ല. ചന്ദ്രയാനിലേക്ക് ഊബർ വിളിച്ചാൽ പോലും ഇത്രയും തുകയാവില്ലെന്ന് സുഹൃത്ത് തമാശ പറയുന്നതും വീഡിയോയിൽ കേൾക്കാം.

വീഡിയോ വൈറലാവുകയും ചർച്ചകൾ സജീവമാകുകയും ചെയ്തതതിനു പിന്നാലെ ക്ഷമാപണവുമായി ഊബർ രം​ഗത്തെത്തി. എക്സിലൂടെയാണ് ഊബർ ഇന്ത്യ കസ്റ്റമർ സപ്പോർട്ട് വിഭാ​ഗം ക്ഷമ പറഞ്ഞത്. എന്ത് സാങ്കേതിക തകരാറാണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും ഊബർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com