ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി, കെജ്‌രിവാളിൻ്റെ അറസ്റ്റ് അത്യപൂർവ്വ സംഭവം

മുതിർന്ന നേതാക്കൾ അറസ്റ്റിലായതോടെ ആംആദ്മി പാർട്ടിയുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്
ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി, കെജ്‌രിവാളിൻ്റെ അറസ്റ്റ് അത്യപൂർവ്വ സംഭവം

ഡൽഹി: ഇന്നലെ രാത്രി ചോദ്യം ചെയ്യലിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ രാജ്യത്ത് ആദ്യമായി ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആംആദ്മി പാ‍ർട്ടി നേതാവ് കൂടിയാണ് കെജ്‌രിവാള്‍. ആംആദ്മി എംപി സഞ്ജയ് സിങ്, മുൻ മന്ത്രി മനീഷ് സിസോദിയ എന്നിവർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. മുതിർന്ന നേതാക്കൾ അറസ്റ്റിലായതോടെ ആംആദ്മി പാർട്ടിയുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. എന്നാൽ കെജ്‌രിവാള്‍ രാജിവെക്കില്ലെന്നും ജയിലിൽ കിടന്ന് ഭരണം നടത്തുമെന്നുമാണ് പാർട്ടി അറിയിക്കുന്നത്. ഇതേ കേസിൽ ബിആർഎസ് നേതാവ് കെ കവിതയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹി മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന് മുൻകൂ‍ർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇഡി ‌അറസ്റ്റ് ഉണ്ടായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്‌രിവാളിന് ഇ ഡി ഒമ്പത് തവണ നോട്ടീസ് അയച്ചിരുന്നു. നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. 600 കോടി രൂപയുടെ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു ഇ ഡിയുടെ അറസ്റ്റ്. എന്നാൽ തന്റെ രാജി ​ഗവർണർക്ക് കൈമാറുന്നതുവരെ അറസ്റ്റ് മെമ്മോയിൽ ഒപ്പിടാൻ ഹേമന്ത് സോറൻ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ മാറി.

അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലിൽ പോകേണ്ടി വന്നാലും അരവിന്ദ് കെജ്‍രിവാൾ രാജിവെയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അരവിന്ദ് കെജ്‌രിവാളിൻ്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പിന്തുണ അരവിന്ദ് കെജ്‍രിവാൾ ഉറപ്പ് നൽകി. നിയമസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി ഇന്ന് കെജ്‌രിവാളിൻ്റെ കുടുംബത്തെ കാണും. അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ ഇന്നലെ ഡൽഹിയിൽ ആം ആദ്മി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.

അരവിന്ദ് കെജ്‍രിവാൾ ജയിലിൽ നിന്ന് ഭരിക്കുമെന്ന് പറയുന്നത് രാജ്യത്തിൻ്റെ ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കിയ ബിജെപി അദ്ദേഹം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. . ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജയിലിൽ കിടന്ന് ഭരണം നടത്താൻ സാധിക്കില്ലെന്നും ബിജെപി ചൂണ്ടിക്കാണിച്ചു. നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായപ്പോഴും ജയിലിൽ നിന്ന് ഭരിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് രാജിവെയ്ക്കുകയായിരുന്നുവെന്നും ഡൽഹിയിലും ഇത് തന്നെ സംഭവിക്കുമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ബിജെപിയുടെ പ്രതികരണം.

ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി, കെജ്‌രിവാളിൻ്റെ അറസ്റ്റ് അത്യപൂർവ്വ സംഭവം
അരവിന്ദ് കെജ്‍രിവാളിന് ഇന്ന് നിർണ്ണായകം; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com