
തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍ നല്‍കുന്നത് 7000 രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. അലവന്‍സ് വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് എംപിമാര്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് യോഗത്തിന് മുന്നോടിയായായിരുന്നു എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.
ഓണറേറിയം വര്‍ധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി പത്ത് മുതല്‍ ആശമാര്‍ സമരത്തിലാണ്. ആരോഗ്യമന്ത്രിയുമായി മൂന്ന് തവണയും തൊഴില്‍ മന്ത്രിയുമായി ഒരുതവണയും സമര നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആശമാര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടില്ല. ഇതോടെ സമരവുമായി ആശമാര്‍ മുന്നോട്ടുപോകുകയായിരുന്നു. ഒരുഘട്ടത്തില്‍ നിരാഹാര സമരത്തിലേക്ക് കടന്നെങ്കിലും പിന്നീട് ഇത് അവസാനിപ്പിച്ചിരുന്നു.
നിലവില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുകയാണ് ആശമാര്‍. സമരം 140ലധികം ദിവസം പിന്നിട്ടു. നേരത്തേ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തി ആശമാര്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ രാപ്പകല്‍ സമരയാത്ര നടത്തിയിരുന്നു. മെയ് അഞ്ചിന് ആരംഭിച്ച യാത്ര ജൂണ്‍ പതിനെട്ടിനായിരുന്നു അവസാനിപ്പിച്ചത്. ഇതിനിടെ നിലമ്പൂര്‍ നിയമഭാ ഉപതെരഞ്ഞെടുപ്പില്‍ ആശമാര്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
Content Highlights- CM Pinarayi vijayan on honorarium hike for asha workers