ലോക്സഭാ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ ഇൻഡ്യ മുന്നണിയിലെ സീറ്റ് ധാരണയ്ക്ക് മുൻകൈ എടുത്ത് രാഹുൽ ഗാന്ധി

എട്ടുസീറ്റുകളിൽ കോൺഗ്രസിൻ്റെയും ശിവസേന ഉദ്ധവ് വിഭാഗത്തിൻ്റെയും അവകാശവാദം സീറ്റ് വിഭജനം കീറാമുട്ടിയാക്കുന്നു
ലോക്സഭാ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ ഇൻഡ്യ മുന്നണിയിലെ സീറ്റ് ധാരണയ്ക്ക് മുൻകൈ എടുത്ത് രാഹുൽ ഗാന്ധി

മുംബൈ: മഹാരാഷ്ട്രയിൽ ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത് രാഹുല്‍ ഗാന്ധി. ആകെയുള്ള 48 സീറ്റുകളില്‍ 39 സീറ്റുകളില്‍ സഖ്യകക്ഷികളുമായി ധാരണയ്ക്ക് നീക്കം. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം തലവനെയും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തെയും പങ്കാളികളാക്കിയുള്ള നീക്കത്തിനാണ് രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്തിരിക്കുന്നത്.

സൗത്ത് സെന്‍ട്രല്‍ മുംബൈ, നോര്‍ത്ത് വെസ്റ്റ് മുംബൈ അടക്കം എട്ടോളം സീറ്റുകളില്‍ കോണ്‍ഗ്രസും ഉദ്ധവ് വിഭാഗം ശിവസേനയും അവകാശവാദം ഉന്നയിക്കുന്നതാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ കീറാമുട്ടിയാക്കുന്നത്. 2019ല്‍ അവിഭക്ത ശിവസേന 23 സീറ്റുകളില്‍ മത്സരിച്ച് സൗത്ത് സെന്‍ട്രല്‍ മുംബൈ, നോര്‍ത്ത് വെസ്റ്റ് മുംബൈ അടക്കം 18 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2019ല്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് വിജയിച്ചത്. എന്‍സിപി 19 സീറ്റില്‍ മത്സരിച്ച് നാലിടത്ത് വിജയിച്ചിരുന്നു. 25 സീറ്റില്‍ മത്സരിച്ച് ബിജെപി കഴിഞ്ഞ തവണ 23 സീറ്റുകളില്‍ വിജയിച്ചിരുന്നു.

പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ ആഘാഡി അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടുന്നതും സീറ്റ് വിഭജനം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ 47 സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ഒരിടത്ത് പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ 236 സീറ്റുകളില്‍ വഞ്ചിത് ബഹുജന്‍ ആഘാഡി മത്സരിച്ചെങ്കിലും സീറ്റുകളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.

നേരത്തെ ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സീറ്റ് ധാരണയിലെത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും തമ്മില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു ആകെയുള്ള 80 സീറ്റില്‍ 17 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ധാരണയായത്. ഡല്‍ഹിയില്‍ ആം ആദ്മിയും കോണ്‍ഗ്രസും സീറ്റ് ധാരണ ചര്‍ച്ചകളില്‍ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുന:രാരംഭിക്കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ നല്‍കാമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസ് ഈ നിര്‍ദ്ദേശം തള്ളിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com