'ലജ്ജാവഹം,അടിസ്ഥാനരഹിതം: രാഹുല്‍ ഇത്രയ്ക്ക് തരംതാഴ്ന്നോ'; മോദിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി

രാജ്യത്തെ പാവപ്പെട്ടവരും പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവരും പിന്നാക്ക സമുദായങ്ങളും നരേന്ദ്രമോദിയെ നേതാവായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
'ലജ്ജാവഹം,അടിസ്ഥാനരഹിതം: രാഹുല്‍ ഇത്രയ്ക്ക് തരംതാഴ്ന്നോ'; മോദിക്കെതിരായ  പരാമര്‍ശത്തില്‍  ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗക്കാരനല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ ബിജെപി. രാഹുല്‍ ഗാന്ധിയുടെ നിലവാരം ഇത്രയധികം താഴ്ന്നോ എന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാജ്യത്തെ പാവപ്പെട്ടവരും പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവരും പിന്നാക്ക സമുദായങ്ങളും നരേന്ദ്രമോദിയെ നേതാവായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി ഇരുട്ടിലാണ്. ലജ്ജാവഹവും അടിസ്ഥാനരഹിതവുമായ ഇത്തരം പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഡീഷയിലെ ജാര്‍സുഗുഡയില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മോദി തന്റെ ജാതിയെക്കുറിച്ച് കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗത്തിലല്ല ജനിച്ചത്. ഗുജറാത്തിലെ തെലി ജാതിയിലാണ് ജനിച്ചത്. 2000ലാണ് ബിജെപി ആ സമുദായത്തിന് ഒബിസി എന്ന ടാഗ് നല്‍കിയത്. പൊതുജാതിയിലാണ് അദ്ദേഹം ജനിച്ചത്'. രാഹുല്‍ ഗാന്ധി പറഞ്ഞത്.

എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിന് രണ്ട് വര്‍ഷം മുമ്പ് മോദിയുടെ ജാതി ഒബിസിയായി വിജ്ഞാപനം ചെയ്യപ്പെട്ടുവെന്നുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. 'രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന നുണയാണ്. മോദിയുടെ ജാതി ഒബിസിയായി 1999 ഒക്ടോബര്‍ 27ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ്. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ള നെഹ്‌റു-ഗാന്ധി കുടുംബം മുഴുവന്‍ ഒബിസികള്‍ക്ക് എതിരാണ്'. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ എക്‌സില്‍ കുറിച്ചു. ഒപ്പം, 1999ല്‍ മോദി ഗഞ്ചി ജാതിയെ ഒബിസി പരിധിയില്‍ ഉള്‍പ്പെടുത്തിയതായി കാണിക്കുന്ന ഗസറ്റ് വിജ്ഞാപനവും മാളവ്യ പങ്കുവെച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com