ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് മതസൗഹാര്‍ദ്ദ പുരസ്‌കാരം സമ്മാനിച്ച് തമിഴ്‌നാട്

അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കോട്ടൈ അമീറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സമ്മാനമാണ് കോട്ടൈ അമീര്‍ മതസൗഹാര്‍ദ്ദ പുരസ്‌കാരം.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് മതസൗഹാര്‍ദ്ദ പുരസ്‌കാരം സമ്മാനിച്ച് തമിഴ്‌നാട്

ചെന്നൈ: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് മതസൗഹാര്‍ദ്ദ പുരസ്‌കാരം സമ്മാനിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഹമ്മദ് സുബൈറിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുരസ്‌കാരം സമ്മാനിച്ചു.

എല്ലാ റിപ്പബ്ലിക്ക് ദിനത്തിനും തമിഴ്‌നാട് സര്‍ക്കാര്‍ മതസൗഹാര്‍ദ്ദ പുരസ്‌കാരം നല്‍കാറുണ്ട്. കോട്ടൈ അമീര്‍ മതസൗഹാര്‍ദ്ദ പുരസ്‌കാരം എന്നാണ് ഈ പുരസ്‌കാരത്തിന്റെ മുഴുവന്‍ പേര്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവാകാതിരിക്കാന്‍ പരിശ്രമിച്ച പൊതുപ്രവര്‍ത്തകനായിരുന്നു കോട്ടൈ അമീര്‍. സമുദായ ഐക്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഒരു പൊതുസമിതിയും അദ്ദേഹം രൂപീകരിച്ചു. കോട്ടൈ അമീറിന്റെ ഈ പ്രവര്‍ത്തനങ്ങളില്‍ വിദ്വേഷമുണ്ടായിരുന്ന ചിലര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. അതിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കോട്ടൈ അമീറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സമ്മാനമാണ് കോട്ടൈ അമീര്‍ മതസൗഹാര്‍ദ്ദ പുരസ്‌കാരം.

തമിഴ്‌നാട്ടില്‍ അതിഥി തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന തലക്കെട്ടോടെ ഒരു വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ഈ വീഡിയോ വ്യക്തമായി പരിശോധിച്ചതിന് ശേഷം വാദങ്ങള്‍ തെറ്റാണെന്നും തമിഴ്‌നാട്ടിലല്ല പ്രസ്തുത സംഭവം നടന്നതെന്നും മുഹമ്മദ് സുബൈര്‍ തെളിയിച്ചിരുന്നു. ഈ സംഭവത്തെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. കൃഷ്ണഗിരി ജില്ലയിലെ ദേങ്കണിക്കോട്ടെ താലൂക്കിലാണ് മുഹമ്മദ്‌ സുബൈര്‍ താമസിക്കുന്നത്.

രാജ്യത്ത് പ്രചരിച്ച പല വര്‍ഗീയത ഉള്‍ക്കൊള്ളുന്ന വ്യാജ വാര്‍ത്തകളുടെയും യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ ആള്‍ട്ട് ന്യൂസിനും മുഹമ്മദ് സുബൈറിനും കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുരസ്‌കാരം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജീവിതം ആരംഭിച്ച മുഹമ്മദ് സുബൈര്‍ 2017ലാണ് പ്രതീക് സിന്‍ഹയുമായി ചേര്‍ന്ന് ആള്‍ട്ട് ന്യൂസ് തുടങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com