

വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയിലേക്ക് മടങ്ങിയെത്തിയ സിനിമാ പ്രവർത്തർക്ക് ചുറ്റും ആരാധകർ തടിച്ചു കൂടിയതും തിരക്കിൽ പെട്ട് വിജയ് നിലത്തേക്ക് വീണതുമെല്ലാം വലിയ വാർത്തയായിരിക്കുകയാണ്. ഇപ്പോൾ നടി മമിത ബൈജുവിന്റെ സമാനമായ ഒരു വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.
ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിച്ചേർന്ന നടിക്ക് ചുറ്റും ആരാധകരും പാപ്പരാസികളും തടിച്ചു കൂടന്നതും നടി ഭയപ്പെട്ട് പിന്മാറുന്നതും വീഡിയോയിൽ കാണാം. കാറിൽ കയറാനാകാത്ത വിധം തിരക്ക് കൂടിയതോടെ അംഗരക്ഷകർ ഏറെ കഷ്ടപ്പെട്ടാണ് മമിതയെ അവിടെ നിന്നും കാറിൽ കയറ്റുന്നത്.
ആരാധകർ അഭിനേതാക്കളടക്കമുള്ള സെലിബ്രിറ്റികളോടെ കൂടുതൽ മര്യാദയോടെ പെരുമാറണ്ടതാണ് എന്നാണ് ഇതിന് പിന്നാലെ പലരും ചൂണ്ടിക്കാണിക്കുന്നത്. പൊതുവിടങ്ങളിലേക്ക് വരാൻ കഴിയാത്ത അവസ്ഥയിലേക്ക് താരങ്ങളെ തള്ളിവിടരുതെന്നും സമൂഹമാധ്യമങ്ങളിൽ പലരും കുറിക്കുന്നുണ്ട്. സിവിക് സെൻസോടെ പെരുമാറാൻ എന്താണ് ഇനിയും പഠിക്കാത്തത് എന്നാണ് മറ്റ് ചിലർ രോഷം പ്രകടിപ്പിക്കുന്നത്.
ചെന്നൈ വിമാനത്താവളത്തിലെത്തിയ നടനും ടിവികെ പാർട്ടി നേതാവുമായ വിജയ് യെയും മറ്റ് ജനനായകൻ അണിയറ പ്രവർത്തകരെയും കാണാൻ വൻ ജനക്കൂട്ടമായിരുന്നു എത്തിയിരുന്നത്. ആരാധകരുടെ തിക്കും തിരക്കും പരിധി വിട്ടതോടെ വിജയ് നിലതെറ്റി വീണു. കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് വിജയ് നിലത്ത് വീണത്.

അംഗരക്ഷകർ ചുറ്റുമുണ്ടായിരുന്നെങ്കിലും തിരക്ക് വർധിച്ചതോടെ വിജയ് നിലത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം എഴുന്നേറ്റ് കാറിൽ കയറി പോയി. വിജയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജനനായകൻ എന്ന ചിത്രത്തിന്റെ മലേഷ്യയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിന് ശേഷം തിരിച്ചെത്തിയതായിരുന്നു വിജയ് യും മറ്റുള്ളവരും. ഓൺലൈൻ എന്റർടെയ്ൻമെന്റ് പേജുകളുടെ പ്രവർത്തകരും വിജയ്‌യുടെ അടുത്ത് തിക്കും തിരക്കുമായി കൂടിയിരുന്നു. ഇതെല്ലാം ചേർന്നാണ് വിജയ് നിലത്തുവീഴുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്.
Content Highlights: Mamitha Baiju faces huge crowd and papparazis at Chennai Airport after Jananayagan launch