പ്ലാസ്റ്റിക് നിരോധനം നാലാം ഘട്ടത്തിൽ; കൂടുതൽ ഉത്പ്പന്നങ്ങൾ ഒഴിവാക്കാൻ ഒമാൻ

നിയമ ലംഘകര്‍ക്ക് 50 മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തും

പ്ലാസ്റ്റിക് നിരോധനം നാലാം ഘട്ടത്തിൽ; കൂടുതൽ ഉത്പ്പന്നങ്ങൾ ഒഴിവാക്കാൻ ഒമാൻ
dot image

ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നാലാം ഘട്ടത്തിലേക്ക്. ജനുവരി ഒന്ന് മുതല്‍ കൂടുതല്‍ മേഖലകളില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്ലാസ്റ്റിക് ഫ്രീ ഒമാന്‍ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പിന്റെ പുതിയ ഘട്ടമാണ് പുതുവര്‍ഷം മുതല്‍ നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി പൂര്‍ണമായും പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തലാക്കാനാണ് തീരുമാനം. 2027 ഓടെ ഇത് യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുന്ന നാലാം ഘട്ട നിരോധനത്തിന്റെ ഭാഗമായി ബില്‍ഡിങ്, കസ്ട്രക്ഷന്‍ മെറ്റീരിയല്‍ സ്റ്റോര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യവും അനുബന്ധ ഭക്ഷ്യ ഉത്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും.

ഐസ്‌ക്രീം, പോപ്‌കോണ്‍, ജ്യൂസ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവരുടെ വില്‍പ്പന കേന്ദ്രങ്ങള്‍, പരമ്പരാഗത ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങി വിവിധ മേഖകള്‍ക്കും നിരോധനം ബാധകമായിരിക്കും. നിയമം കൃത്യമായി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അല്ലാത്തവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിയമ ലംഘകര്‍ക്ക് 50 മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴതുക ഇരട്ടിയായി ഉയരും.

അനുമതിയില്ലാതെ രാജ്യത്തേക്ക് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവരും നടപടി നേരിടേണ്ടി വരും. പരിസ്ഥിതിയെ മുന്നില്‍ കണ്ട് ഭരണകൂടം നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നാലാം ഘട്ട പ്ലാസ്റ്റിക് നിരോധനമെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

Content Highlights: Oman's 4th phase of ban on plastic bags from Jan 1

dot image
To advertise here,contact us
dot image