ഉന്നാവ് ബലാത്സംഗക്കേസില്‍ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി; ജയിലിൽ തുടരണം; ഡൽഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ

കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പൊതുപ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ ഇടക്കാല സംരക്ഷണം നല്‍കാനാവില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു

ഉന്നാവ് ബലാത്സംഗക്കേസില്‍ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി; ജയിലിൽ തുടരണം; ഡൽഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
dot image

ന്യൂ ഡൽഹി: ഉന്നാവ് ബലാത്സംഗകേസില്‍ കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെന്‍ഗാറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജാമ്യവും റദ്ദാക്കി സിബിഐ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പൊതുപ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ ഇടക്കാല സംരക്ഷണം നല്‍കാനാവില്ല എന്നും ഉന്നാവിലെ സാഹചര്യം ഗുരുതരമാണ് എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തുടർന്ന് രണ്ടാഴ്ചക്കകം മറുപടി നല്കാൻ ആവശ്യപ്പെട്ട് സെൻഗാറിന് കോടതി നോട്ടീസ് നൽകി.

ഡിസംബർ 23നാണ് ഡൽഹി ഹൈക്കോടതി കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍ഗാർ ശിക്ഷ ഇളവിന് ഹര്‍ജി നല്‍കിയത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയായിരുന്നു മറ്റ് ഉപാധികള്‍.

വലിയ പ്രതിഷേധമാണ് സെൻഗാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഉണ്ടായത്. അതിജീവിതയും മാതാവും പ്രതിഷേധങ്ങളുടെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ബിജെപിക്കും യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തിയത്. കേസിൽ സിബിഐ ഉദ്യോഗസ്ഥർ കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന് അതിജീവിത ആരോപിച്ചിരുന്നു. പ്രതിക്കായി ഹൈക്കോടതിയിലെ അനുകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നൽകിയിട്ടുണ്ട്. ആറ് പേജുള്ള പരാതിയാണ് നൽകിയത്.

2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ മേഖലയില്‍ അന്ന് ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയില്‍വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കുല്‍ദീപിനെതിരെ കേസെടുത്തു. തുടര്‍ന്ന് കുല്‍ദീപിനെ ബിജെപി പുറത്താക്കിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018-ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചിരുന്നു. ആ കേസില്‍ കുല്‍ദീപിനടക്കം ഏഴ് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Content Highlights: Unnao Case; Supremecourt stays Kuldeep Singh Sengars eviction

dot image
To advertise here,contact us
dot image