ആരവല്ലി: പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്തു; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

സര്‍വേയ്ക്കും പഠനത്തിനും പുതിയ കമ്മിറ്റിയെ രൂപീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി

ആരവല്ലി: പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്തു; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നവംബറിലെ സുപ്രീം കോടതിയുടെ തന്നെ ഉത്തരവാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഏതെങ്കിലും നിര്‍ദേശമോ കോടതി ഉത്തരവോ നടപ്പിലാക്കുന്നതിന് മുമ്പ് നിഷ്പക്ഷവും സ്വതന്ത്രവുമായ വിദഗ്ദാഭിപ്രായം തേടണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജെ കെ മഹേശ്വരി, എ ജി മസിഹ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

പുതുക്കിയ നിര്‍വചനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. ജനുവരി 21ന് വീണ്ടും വാദം കേള്‍ക്കും. സര്‍വേയ്ക്കും പഠനത്തിനും പുതിയ കമ്മിറ്റിയെ രൂപീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും മലനിരകൾ ഉൾപ്പെടുന്ന നാല് സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. പുതിയ നിര്‍വചന പ്രകാരം ഖനനമേഖല കൂടുമോയെന്ന് അറിയിക്കണമെന്നും വിശദപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ സുപ്രീം കോടതി തന്നെ സ്വമേധയാ രജിസ്റ്റര്‍ കേസിലാണ് ഇടപെടല്‍.

കോടതി എന്ത് തീരുമാനിച്ചാലും അത് അനുസരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. നവംബറിലാണ് സുപ്രീം കോടതി ആരവല്ലിയുടെ നിര്‍വചനം പുതുക്കിയ വിധി പുറപ്പെടുവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ച് പരിസ്ഥിതി-വന-കാലാവസ്ഥാ വകുപ്പ് മന്ത്രാലയത്തിന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്ത നിര്‍വചനം അംഗീകരിക്കുകയായിരുന്നു.

രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 700 കിലോമീറ്ററോളം വ്യാപിച്ച് നില്‍ക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മലനിരകളില്ലൊന്നാണ് ആരവല്ലി മലനിരകള്‍. ഭൂനിരപ്പില്‍ നിന്ന് നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരത്തിലുള്ളതോ, 500 മീറ്ററിനുള്ളില്‍ അകലം വരുന്ന രണ്ടോ അതില്‍ കൂടുതലോ കുന്നുകളും അവയ്ക്കിടയില്‍ വരുന്ന ഭൂപ്രദേശവുമാണ് ആരവല്ലി കുന്നുകളായി കണക്കാക്കുയെന്നതായിരുന്നു സുപ്രീം കോടതിയുടെ പുതിയ നിര്‍വചനം. ഈ നിര്‍വചനത്തില്‍ പെടാത്തവയെ ആരവല്ലി കുന്നുകളായി കണക്കാക്കില്ല.

ഇതുവരെ ഭൂനിരപ്പിന് 30 മീറ്റര്‍ ഉയരത്തിലുള്ള, നാല് ഡിഗ്രി ചെരിവുള്ള ഏതൊരു ഭൂപ്രതലവും കുന്ന് ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. രാജസ്ഥാനിലെ 15 ജില്ലകളിലായി 20 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള 12,081 കുന്നുകള്‍ ഉണ്ട്. 1048 കുന്നുകള്‍ മാത്രമേ 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളു. ഇങ്ങനെ വരുമ്പോള്‍ പുതിയ നിര്‍വചനം പ്രകാരം ആരവല്ലി കുന്നുകളുടെ ഏകദേശം 90 ശതമാനത്തിനും സംരക്ഷിത പദവി നഷ്ടപ്പെടും. അതുകൊണ്ട് പുതിയ നിര്‍വചനം പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് രാഷ്ട്രീയ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമടക്കം ഉയര്‍ത്തിയത്.

Content Highlights: Aravalli Hills Supreme Court stays new definition order

dot image
To advertise here,contact us
dot image