ദുബായിലെ താമസക്കാർക്ക് തിരിച്ചടി; പുതുവർഷത്തിൽ കെട്ടിട വാടക വർധിക്കും, ആശ്വാസമുള്ളത് ഒരുകാര്യത്തിൽ

ദുബായിലെ ജനസംഖ്യയുടെ വര്‍ധനവിന് അനുസരിച്ച് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്

ദുബായിലെ താമസക്കാർക്ക് തിരിച്ചടി; പുതുവർഷത്തിൽ കെട്ടിട വാടക വർധിക്കും, ആശ്വാസമുള്ളത് ഒരുകാര്യത്തിൽ
dot image

പുതുവര്‍ഷത്തില്‍ ദുബായിലെ കെട്ടിക വാടക ആറ് ശതമാനത്തോളം ഉയരുമെന്ന് റിപ്പോര്‍ട്ട്. ജനപ്രിയ മേഖലകളിലെ താമസക്കാരെയായിരിക്കും വാടക വർധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതിനിടെ കഴിഞ്ഞ വര്‍ഷത്തെപ്പോലെ വാടകയില്‍ ഉണ്ടായ കുതിച്ചുചാട്ടം ഇത്തവണ ഉണ്ടാകില്ലെന്നതാണ് ആശ്വാസം. കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്ളതും ഡിമാന്റ് കുറവുമുള്ളതുമായ പ്രദേശങ്ങളെയും വാടക വർധനവ് കാര്യമായി ബാധിക്കില്ല.

ദുബായില്‍ താമസക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് 2026ല്‍ വാടകയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും വാടക കെട്ടിടങ്ങളുടെ ലഭ്യത കുറവുമുള്ളതുമായ മേഖലകളിലായിരിക്കും വാടക വർധനവ് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക. നാല് മുതല്‍ ആറ് ശതമാനം വരെ വര്‍ധനയാണ് ഈ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

ഡൗൺടൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന തുടങ്ങിയ പ്രധാന പ്രദേശങ്ങളില്‍ ഉയര്‍ന്ന വാടക നല്‍കേണ്ടി വരും. സ്‌കൂളുകള്‍, ബിസിനസ് മേഖലകള്‍, വേഗത്തില്‍ പൊതുഗതാഗത സംവിധാനം ലഭ്യമാകുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും വാടകയില്‍ വര്‍ധനവ് ഉണ്ടാകും. അതിനിടെ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്ളതും ഡിമാന്റ് കുറവുമുള്ളതുമായ പ്രദേശങ്ങളെ ഇത് കാര്യമായി ബാധിക്കില്ല. ഇത്തരം മേഖലകളില്‍ കെട്ടിട ഉടമകളോട് വിലപേശല്‍ നടത്താനും വാടകക്കാര്‍ക്ക് കഴിയും.

ദുബായിലെ ജനസംഖ്യയുടെ വര്‍ധനവിന് അനുസരിച്ച് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം വാടകയില്‍ ഉണ്ടായതുപോലെയുളള വലിയ കുതിച്ചുചാട്ടം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 2026ന്റെ നാലാം പാദത്തില്‍ നിരവധി കെട്ടിങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ല്‍ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍ വ്യക്തമാക്കുന്നു. 2030ല്‍ ആകുമ്പേഴേക്കും 22,000 പുതിയ വില്ലകളും 42,000 ടൗണ്‍ഹൗസുകളും പുതിയതായി നിര്‍മാണം പൂര്‍ത്തിയാകും.

ദുബായ് ഹില്‍സ് എസ്റ്റേറ്റ്, ബിസിനസ് ബേ, ഡൗണ്‍ടൗണ്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍, അല്‍ ഫുര്‍ജാന്‍, ദുബായ് മറീന എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങള്‍ കൂടുതലായി ഉയരുന്നത്. കെട്ടിട വാടകയിലെ വര്‍ധനവ് മൂലം സ്വന്തമായി ഫ്ളാറ്റുകളും വില്ലകളും വാങ്ങുന്ന പ്രവാസികളുടെ എണ്ണവും വര്‍ധിക്കുകയാണ്. യുവാക്കളാണ് ഇതില്‍ മുന്‍പന്തിയിലെന്ന് അടുത്തിടെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Dubai rents set to rise by up to 6% in 2026

dot image
To advertise here,contact us
dot image