

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ തന്റെ മുറിക്ക് നിയമപരമായ കാലാവധിയുണ്ടെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. ബിജെപിയുടെ അജണ്ട കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അതാണ് മനസിലാകുന്നതെന്നും വി കെ പ്രശാന്ത് പറഞ്ഞു. സാധാരണയായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളകളിലാണ് എംഎല്‍എ ഹോസ്റ്റല്‍ പ്രയോജനപ്പെടുത്തുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളാണ് ഞാന്‍. അതാണ് ശാസ്തമംഗലത്തെ ഓഫീസ് തെരഞ്ഞെടുക്കാനുണ്ടായ കാരണമെന്നും വി കെ പ്രശാന്ത് എംഎല്‍എ പറഞ്ഞു.
'എന്നെ സംബന്ധിച്ച് ശാസ്തമംഗലത്തെ ഓഫീസ് വളരെ പ്രധാനപ്പെട്ടതാണ്. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്കും എത്തിപ്പെടാന്‍ സൗകര്യപ്രദമായ ഇടമാണ് അത്. വാടക കുറഞ്ഞു എന്ന പരാമര്‍ശം ഇന്നലെ മുതല്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് സൗജന്യമായി ഇരിക്കാം. കൗണ്‍സിലര്‍മാര്‍ വാടക നല്‍കിയല്ലല്ലോ ഇരിക്കുന്നത്. ഞാന്‍ വാടക കൊടുത്തിട്ടാണ് കോര്‍പ്പറേഷന്റെ മുറി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ പല എംഎല്‍എമാരും ഇത്തരത്തിലുള്ള ഓഫീസ് ഉപയോഗിക്കുന്നവര്‍ തന്നെയാണ്.' വി കെ പ്രശാന്ത് പ്രതികരിച്ചു.
'എംഎല്‍എയ്ക്ക് മാത്രമായി സൗകര്യം ഒരുക്കിയതല്ല. വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കും. ശ്രീലേഖയുടെ ഓഫീസില്‍ ശുചിമുറി പോലുമില്ല എന്ന തരത്തില്‍ വരെ പ്രചരണങ്ങള്‍ വന്നിരുന്നു. ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ മാറി. കോര്‍പ്പറേഷന്‍ വാടക വര്‍ധിപ്പിച്ചാല്‍ നല്‍കാന്‍ തയ്യാറാണ്. കഴക്കൂട്ടം സ്വദേശിയായ ഞാന്‍ വട്ടിയൂര്‍ക്കാവ് വീട് വച്ച് താമസിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എന്നെ വ്യക്തിഹത്യ ചെയ്യുന്നു. അതിന് ശബരിനാഥനും കൂട്ട് നില്‍ക്കുകയാണ്.' വി കെ പ്രശാന്ത് പറഞ്ഞു.
'എംഎല്‍എ ഹോസ്റ്റലിലെ മുറികളില്‍ മറ്റ് ആളുകള്‍ താമസിക്കുന്നുണ്ട്. അതിലൊന്നും അതിശയോക്തിയില്ല. പണ്ടുമുതല്‍ നടക്കുന്ന കാര്യമാണ്. എംഎല്‍എ ഹോസ്റ്റലില്‍ ഒരു മുറി 50 രൂപയാണ്. എംഎല്‍എയുടെ അറിവോടെ ആര്‍ക്ക് വേണമെങ്കിലും അവിടെ താമസിക്കാം. 50,000 രൂപയും ടിഎ 2000രൂപ വരെയുമാണ് എംഎല്‍എയ്ക്ക് ഒരു മാസം ലഭിക്കുന്ന വരുമാനം. പക്ഷെ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നത് ഈ സത്യമല്ല. ഇതിന്റെയെല്ലാം പിന്നില്‍ വ്യക്തിഹത്യ മാത്രമാണ്. ബിജെപിയുടെ അജണ്ടകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. അനധികൃതമായി ആരെങ്കിലും നില്‍ക്കുന്നുണ്ടെങ്കില്‍ പരിശോധിച്ച് കണ്ടെത്തട്ടെ.' വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എംഎല്‍എ ഓഫീസ് ഒഴിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷിന്റെ പ്രതികരണം. വ്യക്തിപരമായ കാര്യങ്ങള്‍ പരിഗണിക്കാതെ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്നും വി വി രാജേഷ് പറഞ്ഞിരുന്നു. എത്ര രൂപയ്ക്കാണ് മുറി വാടകയ്ക്ക് നല്‍കിയത് എന്നും അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുമെന്നും വി വി രാജേഷ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഓഫീസ് വിഷയം വലിയ വിവാദമായതോടെ തര്‍ക്കത്തില്‍ നിന്നും ആര്‍ ശ്രീലേഖ പിന്നോട്ട് പോവുകയായിരുന്നു. വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ നേരിട്ട് കണ്ടതിന് പിന്നാലെയായിരുന്നു പ്രതികരണം.
ശനിയാഴ്ചയാണ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നായിരുന്നു ബിജെപി കൗണ്‍സിലറായ ശ്രീലേഖയുടെ ആവശ്യം. എംഎല്‍എ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നായിരുന്നു ശ്രീലേഖയുടെ വാദം. എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് അറിയിക്കുകയായിരുന്നു. തന്റെ കാലാവധി മൂന്ന് മാസം കൂടി ബാക്കിയുണ്ടെന്ന് എംഎല്‍എ മറുപടിയും നല്‍കിയിരുന്നു.
Content Highlight; Congress takes up BJP's agenda, ready to pay if rent is increased; VK Prashant with response