കോൺഗ്രസുകാരൻ ഏത് നിമിഷവും ബിജെപി ആകാം, പ്രവർത്തക സമിതിയിൽവരെ ആർഎസ്എസ് അനുകൂലികളുണ്ട്; എം വി ഗോവിന്ദൻ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വരെ ആര്‍എസ്എസ് അനുകൂലികളുണ്ടെന്നും മത വര്‍ഗീയ ശക്തികള്‍ക്ക് സ്വീകാര്യത കിട്ടുന്ന അപകടകരമായ അവസ്ഥ ഇന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

കോൺഗ്രസുകാരൻ ഏത് നിമിഷവും ബിജെപി ആകാം, പ്രവർത്തക സമിതിയിൽവരെ ആർഎസ്എസ് അനുകൂലികളുണ്ട്; എം വി ഗോവിന്ദൻ
dot image

കോണ്‍ഗ്രസുകാരന്‍ ഏത് നിമിഷവും ബിജെപി ആകാം, പ്രവര്‍ത്തക സമിതിയില്‍വരെ ആര്‍എസ്എസ് അനുകൂലികളുണ്ട്; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏത് നിമിഷവും ഏത് കോണ്‍ഗ്രസ് നേതാവിനും ബിജെപി ആകാമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വരെ ആര്‍എസ്എസ് അനുകൂലികളുണ്ടെന്നും മത വര്‍ഗീയ ശക്തികള്‍ക്ക് സ്വീകാര്യത കിട്ടുന്ന അപകടകരമായ അവസ്ഥ ഇന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മറ്റത്തൂരിലെ കൂറുമാറ്റം ചൂണ്ടിക്കാണ്ടിയാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.

ശബരിമല വിഷയത്തില്‍ എ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ വ്യക്തത വേണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൊളളയുമായി ഇവര്‍ക്കുളള പങ്ക് എന്താണ്, ഭരണ നേതൃത്വത്തിന് നോട്ടക്കുറവ് മാത്രമാണോ ഉണ്ടായത് എന്നീ കാര്യങ്ങള്‍ അറിയണമെന്നും അതിന് കുറ്റപത്രം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമേ പാര്‍ട്ടി തീരുമാനിക്കുകയുളളുവെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. 'നടപടി എടുത്താന്‍ സ്വര്‍ണക്കൊളളയില്‍ പാര്‍ട്ടി നടപടി എന്ന് നിങ്ങള്‍ മാധ്യമങ്ങള്‍ കൊടുക്കില്ലേ? മാധ്യമങ്ങളുടെ പിന്നാലെ പോയി നടപടി എടുക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. അങ്ങനെയൊരു ധാരണ വേണ്ട': എം വി ഗോവിന്ദന്‍ പറഞ്ഞു. ശബരിമല തിരിച്ചടിയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തു. കേരളത്തിലുണ്ടായ അപ്രതീക്ഷിതമായ പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയണം എന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33.60 ശതമാനം വോട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ചത്. ഇപ്പോഴത് 39. 73 ശതമാനം വോട്ടായി ഉയര്‍ന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 66, 65,370 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ അതില്‍ 17 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവുണ്ടായി. യുഡിഎഫിനും ബിജെപിയ്ക്കും അവരുടെ വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറയുകയാണ് ഉണ്ടായത്.

തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങള്‍ പരിശോധിച്ചു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അഭിപ്രായമാണുണ്ടായിരുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ച് യുഡിഎഫോ ബിജെപിയോ വോട്ട് ചോദിച്ചിട്ടില്ല. കളളപ്രചാരവേലകളുടെ പരമ്പരയാണ് ബിജെപിയും യുഡിഎഫും അഴിച്ചുവിട്ടത്. കേരളത്തിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്ന സാഹചര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ യുഡിഎഫും ബിജെപിയും വര്‍ഗീയ പ്രചാരണങ്ങളിലൂടെയും കളളക്കഥകളിലൂടെയും വിശ്വാസികളെതന്നെ ഉപയോഗിച്ച് വോട്ടാക്കി മാറ്റാന്‍ ശ്രമിച്ചു.

ബിജെപി ഹിന്ദുത്വ വര്‍ഗീയതയില്‍ ഊന്നി വ്യാപകമായ കളളപ്രചാരണങ്ങള്‍ നടത്തി. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഉപയോഗിച്ചുകൊണ്ട് അവരുടെ കാഴ്ച്ചപ്പാടുകളെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചു. യുഡിഎഫിലെ ഘടകകക്ഷികളും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നുളള കളളപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തു. വര്‍ഗീയ ശക്തികളെ ഒപ്പം നിര്‍ത്തി ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ടുളള പ്രചാരവേലകളാണ് തെരഞ്ഞെടുപ്പില്‍ ഉടനീളം ഉണ്ടായത്. യുഡിഎഫും ബിജെപിയും ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ടുളള പ്രചാരണങ്ങള്‍ നടത്തി.

യുഡിഎഫും എല്‍ഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫും ബിജെപിയും മത്സരിക്കുന്നയിടങ്ങളില്‍ യുഡിഎഫിന്റെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി മാറി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ച 41 ഡിവിഷനുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കേരളത്തിലുടനീളം ഈ സ്ഥിതിവിശേഷമുണ്ട്. അവര്‍ പരസ്യമായി മുന്നണിയായി നിന്ന് പ്രവര്‍ത്തിച്ചുവെന്ന് പറയാനാകില്ല. എന്നാല്‍ ഇരുകൂട്ടരും കമ്മ്യൂണിസ്റ്റ് വിരുദ്ധതതയെ ഉയര്‍ത്തിപ്പിടിച്ച് വോട്ട് കൈമാറ്റം നടത്തി.

ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍മൂലം വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം പൊതുവില്‍ എല്‍ഡിഎഫിനുണ്ടായിരുന്നു. നഗര മേഖലയിലുണ്ടായ സംഘടനാ ദൗര്‍ബല്യം തിരിച്ചടിക്കുളള ഒരു കാരണമാണ്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച്ചകളും അതത് മേഖലകളില്‍ പരാജയത്തിന് കാരണമായി. ശബരിമല പോലുളള പ്രശ്‌നങ്ങളില്‍ യുഡിഎഫും ബിജെപിയും ശക്തിയായ കളളപ്രചാരണ വേല നടത്തിയിരുന്നു. ഇത് ഉപയോഗിച്ച് വോട്ട് നേടാനുളള പരിശ്രമവും അവര്‍ നടത്തി. എന്നാല്‍ അവരുടെ ശ്രമം അവര്‍ ഉദ്ദേശിച്ചതുപോലെ നടന്നില്ല. ശബരിമല ഉള്‍ക്കൊളളുന്ന വാര്‍ഡിലൊക്കെ എല്‍ഡിഎഫാണ് ജയിച്ചത്. പന്തളം മുനിസിപ്പാലിറ്റിയില്‍ ബിജെപിയായിരുന്നു ഭരിച്ചിരുന്നത്. അത് അവരില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പിടിച്ചെടുത്തു.

നരേന്ദ്രമോദി തറയിലിരുന്നല്ല പ്രധാനമന്ത്രിയും ബിജെപിയുടെ നേതാവുമൊക്കെ ആയതെന്നും അത് ഗുജറാത്ത് കലാപം മുതലായിരുന്നെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗുജറാത്ത് കലാപം നയിച്ച് മോദി അവിടെ മുഖ്യമന്ത്രിയായി, ആ കലാപം ഇന്ത്യയിലുടനീളം പടരാന്‍ ഒത്താശ ചെയ്ത് വര്‍ഗീയ ധ്രുവീകരണം നടത്തിയാണ് നരേന്ദ്രമോദി പാര്‍ലമെന്റിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും എത്തിയത്. അത് അറിയാത്തവരല്ല കോണ്‍ഗ്രസുകാര്‍. അത് മറച്ചുവെച്ച് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍വരെ വെളളപൂശുകയാണ്. മതനിരപേക്ഷ ഉളളടക്കത്തിലൂന്നിയാണ് കേരളീയ സമൂഹവും സര്‍ക്കാരും പ്രവര്‍ത്തിച്ചത്. അത്തരമൊരു സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമമാണ് നടക്കുന്നത്.

പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഢ് സ്വദേശിയെ ആര്‍എസ്എസുകാര്‍ തല്ലിക്കൊന്നു. പ്രതികള്‍ ആര്‍എസ്എസുകാരാണ് എന്ന് പറയാന്‍ വി ഡി സതീശന്‍ തയ്യാറായില്ല. ആര് കൊന്നു എന്നല്ല പ്രതികളെ പിടിച്ചോ എന്നാണ് നോക്കേണ്ടത് എന്നാണ് സതീശന്‍ പറയുന്നത്. കോണ്‍ഗ്രസ് ജയിച്ചുവന്നതിന് ശേഷവും തൃശൂര്‍ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം വില്‍പ്പന നടത്തിയെന്ന വാര്‍ത്ത വന്നു. കോണ്‍ഗ്രസിന്റെ നേതാവ് തന്നെ അത് പറഞ്ഞു. അതിന് മറുപടി നല്‍കാന്‍ സാധിക്കാതായാപ്പോള്‍ അവരെ പുറത്താക്കുന്ന നിലപാടാണ് അവര് സ്വീകരിച്ചത്. കൊച്ചിയിലും സംഘര്‍ഷം അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ അവരെന്താണ് ചെയ്യുക എന്നത് വ്യക്തമാണ്: എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: there are RSS supporters even in congress working committee; MV Govindan

dot image
To advertise here,contact us
dot image