ഗ്യാൻവാപി പള്ളിയുടെ സ്ഥലത്ത് നേരത്തെ ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നു; എഎസ്ഐ സർവ്വേ റിപ്പോർട്ട് പുറത്ത്

മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്
ഗ്യാൻവാപി പള്ളിയുടെ സ്ഥലത്ത് നേരത്തെ ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നു; എഎസ്ഐ സർവ്വേ റിപ്പോർട്ട് പുറത്ത്

വാരാണസി: മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.

നിലവിലുള്ള ഘടനയുടെ നിർമ്മാണത്തിന് മുമ്പ് ഒരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. തൂണുകൾ ഉൾപ്പെടെയുള്ള മുമ്പുണ്ടായിരുന്ന ക്ഷേത്രത്തിൻ്റെ ഭാഗങ്ങൾ നിലവിലുള്ള ഗ്യാൻവാപി മസ്ജിദിൻ്റെ ഘടനകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 839 പേജുകളുള്ള റിപ്പോർട്ടാണ് എഎസ്ഐ സമർപ്പിച്ചിരിക്കുന്നത്. ഹിന്ദു ദൈവങ്ങളുടെ ശിൽപങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എഎസ്ഐ നടത്തിയ ശാസ്ത്രീയ സർവേ റിപ്പോർട്ട് പരസ്യപ്പെടുത്താൻ വാരാണാസി ജില്ലാകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

മസ്ജിദ് നിൽക്കുന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു കക്ഷികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു എഎസ്ഐ സർവ്വേ നടത്താൻ വാരണാസി ജില്ലാ കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി നേരത്തെ സീൽ ചെയ്ത വുസുഖാന ഒഴികെയുള്ള ജ്ഞാനവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേ നടത്താനായിരുന്നു കോടതി ഉത്തരവ്. ഇതേ തുടർന്നായിരുന്നു എഎസ്ഐ സർവ്വേ. സ്ഥലത്ത് ഖനനം നടത്തരുതെന്നും കെട്ടിടത്തിന് കേടുപാടുകൾ വരുത്തരുതെന്നുമുള്ള നിർദ്ദേശത്തോടെയായിരുന്നു കോടതിയുടെ സർവ്വേയ്ക്കുള്ള ഉത്തരവ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com