'മുന്നണിയിലും സർക്കാരിലും ഏകാധിപത്യം': മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗൺസിലിലും വിമർശനം

വെള്ളാപ്പള്ളി നടേശനെ അതിര് വിട്ട് മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റാണെന്ന വിമർശനവും കൗൺസിലിൽ ഉയർന്നു

'മുന്നണിയിലും സർക്കാരിലും ഏകാധിപത്യം': മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗൺസിലിലും വിമർശനം
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. നേരത്തെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും എക്സിക്യൂട്ടീവിലും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്ക് മേൽ സിപിഐഎമ്മിന് നിയന്ത്രണമില്ല എന്ന അതിരൂക്ഷ വിമർശനമാണ് സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്നത്. മുഖ്യമന്ത്രിക്ക് മേൽ സിപിഐഎമ്മിന് നിയന്ത്രണം ഉണ്ടെങ്കിൽ വെള്ളാപ്പള്ളി വിഷയത്തിൽ തിരുത്തിയെനെ എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ അതിര് വിട്ട് മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റാണെന്ന വിമർശനവും കൗൺസിലിൽ ഉയർന്നു.

മുഖ്യമന്ത്രിയുടെ ഏകാധിപത്യം സർക്കാരിലും മുന്നണിയിലുമുണ്ടെന്ന വിമർശനവും സംസ്ഥാന കൗൺസിലിൽ ഉയർന്നു. സിപിഐ തിരുത്തൽ ശക്തിയാകണം എന്ന ആവശ്യവും ചില അം​ഗങ്ങൾ ഉയർത്തി. തോൽവിയേക്കാൾ പ്രശ്നമാണ് ഇടത് നയവ്യതിയാനം എന്നും ചിലർ ചൂണ്ടിക്കാണിച്ചു. മത നേതാക്കളോട് പരിധിയിൽ കവിഞ്ഞ അടുപ്പം കാണിക്കുന്നത് തെറ്റാണെന്നും സംസ്ഥാന കൗൺസിലിൽ അഭിപ്രായം ഉയർന്നു.

നേരത്തെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന എക്സിക്യൂട്ടീവിലും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ചില കാര്യങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായിരുന്നുവെന്ന വിമർശനം ഈ യോ​ഗങ്ങളിൽ ഉയർന്നിരുന്നു. വെള്ളാപ്പള്ളി നടേശനോടുള്ള നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായെന്നും തുടര്‍ച്ചയായി വെള്ളാപ്പള്ളിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും യോ​ഗത്തിൽ വിമർശനം ഉണ്ടായി.ശബരിമല തിരിച്ചടിയായി എന്ന അഭിപ്രായവും യോ​ഗങ്ങളിൽ ഉയർന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജനങ്ങളുടെ സംശയം ദൂരീകരിക്കാനായില്ല. അറസ്റ്റിലായ സിപിഐഎം നേതാവ് പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും സംശയം ബലപ്പെടുത്തിയെന്നും വിമർശനം ഉണ്ടായിരുന്നു. പിഎം ശ്രീയില്‍ ഒപ്പിട്ടത് വിനയായെന്ന കുറ്റപ്പെടുത്തലും യോ​ഗങ്ങളിൽ ഉയർന്നു. ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഫലം എതിരായത് ഭരണവിരുദ്ധവികാരത്തിന്റെ തെളിവാണ്. എല്‍ഡിഎഫും സര്‍ക്കാരും ഇങ്ങനെ പോയിട്ട് കാര്യമില്ലെന്നും തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരുത്തിയാല്‍ തുടര്‍ ഭരണം ഉണ്ടാവുമെന്ന അഭിപ്രായവും ഉയർന്നു.

Content Highlights: Chief Minister Pinarayi Vijayan also criticized in the CPI State Council

dot image
To advertise here,contact us
dot image