

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ജനനായകൻ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. കേരളത്തിലെ ദളപതി ഫാൻസ് അതിഗംഭീരമായാണ് വിജയ് സിനിമകളുടെ റിലീസ് ദിനം ആഘോഷിക്കാറുള്ളത്. പുലർച്ച മുതലുള്ള ഷോകളും തിയേറ്ററിന് പുറത്ത് ഉയരുന്ന വമ്പൻ ഫ്‌ളക്‌സുകളുമായി ആഘോഷം പൊടിപൊടിക്കും. ഇപ്പോഴിതാ സിനിമയുടെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്ന സമയത്തിന്റെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ഡിസംബർ 31 ന് രാത്രി 11.59 മുതൽ ജനനായകന്റെ കേരള ബുക്കിംഗ് ആരംഭിക്കും. അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ റെക്കോർഡുകൾ ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. ആദ്യ ദിനം വലിയ കളക്ഷൻ തന്നെ സിനിമ നേടുമെന്നാണ് വിജയ് ആരാധകരുടെ പ്രതീക്ഷ. ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് ആദ്യ ദിനം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ വിജയ് സിനിമ. 12 കോടിയാണ് ലിയോയുടെ കളക്ഷൻ. ജനനായകൻ ഇതിനെ മറികടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജനനായകന്റെ കേരളത്തിലെ ആദ്യ ഷോ ജനുവരി 9ന് രാവിലെ ആറ് മണിക്ക് ആകുമെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാർ. നാല് മണിക്ക് ഷോ നടത്താൻ ശ്രമിച്ചെന്നും എന്നാൽ തമിഴ്‌നാട്ടിൽ അനുമതി ലഭിച്ചില്ലെന്നും എസ്എസ്ആർ എന്റർടെയ്ൻമെന്റ് അറിയിച്ചു.
നാല് മണിക്ക് ഷോ നടത്താനാകുമെന്ന രീതിയിൽ വിജയ് ഫാൻസ് കേരളത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സമയം മാറ്റം കൊണ്ടുണ്ടായ ബുദ്ധിമുട്ടികളിൽ ക്ഷമിക്കണമെന്ന് എസ്എസ്ആർ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി വൻ വിജയമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും വിതരണക്കാർ പങ്കുവെച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
#JanaNayagan Kerala Bookings Open Tomorrow at 11:59PM 🎟#ThalapathyVijay pic.twitter.com/vsHvjaYvKX
— Movie Verse (@_MovieVerse) December 30, 2025
ജനുവരി 9ന് പൊങ്കൽ റിലീസായാണ് ജനനായകൻ തിയേറ്ററുകളിലെത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിൽ വെച്ച് ഈ പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വിനോദ് അറിയിച്ചു. സിനിമ 100 ശതമാനം ഒരു ദളപതി ചിത്രമായിരിക്കും എന്നാണ് വിനോദ് അറിയിച്ചത്. ജനനായകന്റെ പോസ്റ്ററുകളും പാട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചില പോസ്റ്ററുകൾ ശ്രദ്ധ നേടിയെങ്കിലും പാട്ടുകൾ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നാണ് വിലയിരുത്തലുകൾ. സിനിമ പുറത്തിറങ്ങുന്നതോടെ ഇവയെല്ലാം വീണ്ടും ട്രെൻഡാകുമെന്നാണ് വിജയ് ആരാധകരുടെ പക്ഷം.
Content Highlights: Vijay film Jananayagan kerala booking updates