വെള്ളപ്പൊക്ക ബാധിത മേഖലകൾ സന്ദർശിച്ച് എം കെ സ്റ്റാലിൻ; ആന്ധ്രയിൽ കനത്ത മഴ

വെെദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല

dot image

ചെന്നൈ: വെള്ളപ്പൊക്ക ബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിയിലാണ് ചെന്നൈ. എന്നാൽ നഗരത്തിൽ കഴിഞ്ഞ 30 മണിക്കൂർ ആശങ്കയായി പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മഴക്കെടുതിയിൽ ഇതുവരെ എട്ട് പേരാണ് മരിച്ചത്. വെെദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അപകടമൊഴിവാക്കുന്നതിനായി രാത്രിതന്നെ വൈദ്യുതിവിതരണം നിർത്തിവെച്ചിരുന്നു. ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളും തടസപ്പെട്ടു. ദുരിത മേഖലയിലുള്ളവർക്ക് സഹായമെത്തിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. മഴക്കെടുതിയിലുണ്ടായ മരണത്തിൽ അനുശോചനവും രേഖപ്പെടുത്തി.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ചയാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപംപ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്നാടിന്റെ വടക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആന്ധ്രാപ്രദേശിലെ ഡിവിസീമയ്ക്കും ബപട്ലയ്ക്കുമിടയിലാവും മിഷോങ് ചുഴലിക്കാറ്റ് കരതൊടുക. കരയിലെത്തുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ വരെയായി വർധിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ആന്ധ്രയിലെ സൂളൂർപെട്ടിയിൽ പുഴ കരകവിഞ്ഞു. ഇതോടെ ചെന്നൈ–ഹൈദരാബാദ് ദേശീയപാതയില് വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. ബപട്ലയിൽ കടൽ പ്രക്ഷുബ്ധമാണ്. എൻടിആറിൽ യ്കൂളുകൾക്ക് അവധി നൽകി. 63 ഗ്രാമങ്ങളിൽ നിന്നായി 11,876 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. തീരദേശ മേഖലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു.

ചുഴലിക്കാറ്റിനെത്തുടർന്ന് കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകൾ

കൊല്ലം – സെക്കന്തരാബാദ് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്

സെക്കന്തരാബാദ് –തിരുവനന്തപുരം ശബരി എക്സ്പ്രസ്

എറണാകുളം – പട്ന എക്സ്പ്രസ്

ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്

ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ്

ദില്ലി – തിരുവനന്തപുരം കേരള എക്സ്പ്രസ്.

dot image
To advertise here,contact us
dot image