മൻസൂർ അലി ഖാൻ പൊലീസിൽ ഹാജരാകില്ല; മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി

ഇന്ന് രാവിലെ 11:30ക്ക് മുമ്പ് ഹാജരാകണമെന്ന് കാണിച്ച് ചെന്നൈ പൊലീസ് സ്റ്റേഷൻ സമൻസ് അയച്ചിരുന്നു
മൻസൂർ അലി ഖാൻ പൊലീസിൽ ഹാജരാകില്ല; മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി

ചെന്നൈ: നടി തൃഷയ്ക്കെതിരെ ലൈംഗീക പരാമർശം നടത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ച് മൻസൂർ അലി ഖാൻ. തൊണ്ടയിൽ അണുബാധയാണെന്നാണ് വിശദീകരണം. ഇന്ന് രാവിലെ 11:30ക്ക് മുമ്പ് ഹാജരാകണമെന്ന് കാണിച്ച് ചെന്നൈ തൗസൻഡ് ലൈറ്റ്സ് ഓൾ വുമൺ പൊലീസ് സ്റ്റേഷൻ സമൻസ് അയച്ചിരുന്നു. അതേസമയം മൻസൂർ മുൻകൂർ ജാമ്യാപേക്ഷ നൽകി.

നടി തൃഷയ്ക്കെതിരെ നടത്തിയ ലൈംഗീക പരാമർശത്തിൽ കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദേശം നൽകിയിരുന്നു. സിആർപിസി 41-എ വകുപ്പ് പ്രകാരമാണ് സമൻസ് അയച്ചത്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മീഷൻ ഐപിസി സെക്ഷൻ 509 ബിയും മറ്റ് പ്രസക്തമായ വകുപ്പുകളും ചേർത്ത് നടനെതിരെ കേസെടുക്കാൻ തമിഴ്‌നാട് ഡിജിപിയോട് നിർദേശിക്കുകയായിരുന്നു.

'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകൻ ലോകേഷ് പ്രതികരിച്ചത്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നുമാണ് മൻസൂർ അലി ഖാൻ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചത്.

മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയും തൃഷയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയും രംഗത്തുവന്നെങ്കിലും മാപ്പ് പറയാൻ തയ്യാറല്ലെന്നാണ് നടന്റെ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com