തമിഴ്നാട്ടിൽ ഉത്ര മോഡൽ കൊലപാതകം; ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ മക്കൾ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു

അപകടമരണമാണെന്ന് ആദ്യം കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്

തമിഴ്നാട്ടിൽ ഉത്ര മോഡൽ കൊലപാതകം; ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ മക്കൾ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു
dot image

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ഉത്ര മോഡല്‍ കൊലപാതകം. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി അച്ഛനെ മക്കള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പൊത്താതുര്‍പേട്ട സ്വദേശികളായ മോഹന്‍ രാജ്(26), ഹരിഹരന്‍(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അപകടമരണമാണെന്ന് ആദ്യം കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്. സര്‍ക്കാര്‍ സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റായ 56 കാരനായ ഇ പി ഗണേശനെ ഒക്ടോബറില്‍ പൊത്താതുര്‍പേട്ട ഗ്രാമത്തിലെ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചതായാണ് കുടുംബം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്.

അപകട മരണമായി കണക്കാക്കി പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി സംശയാസ്പദമായ ചില കാര്യങ്ങള്‍ ഉന്നയിച്ചതോടെയാണ് എസ്ഐടി അന്വേഷണം നടത്തുകയും സംഭവം കൊലപാതകമാണെന്ന് തെളിയുകയും ചെയ്തത്.

ഗണേശന്റെ പേരില്‍ മൂന്ന് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടായിരുന്നു.

കുടുംബത്തിന്റെ വരുമാനത്തെക്കാള്‍ വലിയ തുക പ്രീമിയമായി അടയ്ക്കുന്ന പോളിസികളായിരുന്നു ഇവയെല്ലാം. ഇത് കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. പിതാവിനെ കൊലപ്പെടുത്താനായി വലിയ ആസൂത്രണമാണ് മക്കള്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിഷപ്പാമ്പുകളെ വാങ്ങാന്‍ സഹായിച്ച കൂട്ടാളികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മരണത്തിന് ഏകദേശം ഒരാഴ്ച മുമ്പ് ഒരു മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് പിതാവിന്റെ കാലില്‍ കടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാരകമല്ലാത്തതിനാല്‍ പദ്ധതി പരാജയപ്പെട്ടു.

പിന്നീട് വളരെ വിഷമുള്ള ഒരു ക്രെയ്റ്റ് പാമ്പിനെ(മഞ്ഞവരയൻ) കൊണ്ട് കടിപ്പിക്കുകയായിരുന്നു.

സംശയം ഉണ്ടാവാതിരിക്കാനായി പാമ്പിനെ വീടിനുള്ളില്‍ വെച്ച് കൊല്ലുകയും ചെയ്തു. ആറ് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Sons Use Snake to kill Father For Insurance Money In Tamil Nadu

dot image
To advertise here,contact us
dot image