
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രിയെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കാണാൻ പ്രധാനമന്ത്രി എത്തിയതിനെയാണ് മമത പരിഹസിച്ചത്. ഇന്ത്യ എല്ലാ മത്സരവും ജയിച്ചു, എന്നാൽ 'പാപി' എത്തിയതോടെ ടീം തോറ്റെന്നാണ് മമത ബാനർജി പരിഹസിച്ചത്.
ഈഡൻ ഗാർഡനിലോ വാംഖഡേയിലോ ആയിരുന്നു ഫൈനലെങ്കിൽ ഇന്ത്യ ജയിച്ചേനെയെന്നും ജഴ്സി പോലും കാവിവത്കരിക്കാൻ ശ്രമിച്ചെന്നും മമത ബാനർജി പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധി മോദിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. രാഹുലിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
തൃണമൂൽ എംപി മഹുവാ മൊയ്ത്രയെ അയോഗ്യയാക്കാനുള്ള നീക്കം ആസൂത്രിതമാണെന്നും മമത ബാനർജി പ്രതികരിച്ചു. ചോദ്യത്തിന് കോഴ ആരോപണത്തിൽ ആദ്യമായാണ് മമത ബാനർജി പ്രതികരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് മഹുവയ്ക്ക് ഗുണം ചെയ്യുമെന്നും മമത പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിടുകയാണെന്നും മമത കുറ്റപ്പെടുത്തി.