ഡൽഹി മദ്യനയക്കേസ്: ആംആദ്മിയെ പ്രതിചേർക്കുമെന്ന് ഇഡി; നിയമോപദേശം തേടി

പാർട്ടി ഭാരവാഹികൾക്കെതിരെ ഇഡി കേസെടുക്കും. ഇക്കാര്യം ഇഡി ഇന്ന് സുപ്രിം കോടതിയിൽ അറിയിക്കും.

dot image

ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ പ്രതി ചേർക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ. ഇക്കാര്യത്തിൽ ഇഡി നിയമോപദേശം തേടി. പാർട്ടി ഭാരവാഹികൾക്കെതിരെ ഇഡി കേസെടുക്കും. ഇക്കാര്യം ഇഡി ഇന്ന് സുപ്രിം കോടതിയിൽ അറിയിക്കും. കേസിൽ എന്തുകൊണ്ട് ആംആദ്മി പാർട്ടിയെ പ്രതിചേർക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദിച്ചിരുന്നു. ഡൽഹി ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായിരുന്ന മനീഷ് സിസോദിയ അടക്കമുള്ളവർ വിചാരണ നേരിടുമ്പോൾ എന്തുകൊണ്ട് ആംആദ്മിയെ പ്രതി ചേർത്തില്ലെന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്.

ജാമ്യം തേടി മനീഷ് സിസോദിയ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്. സഞ്ജീവ് ഖന്ന, എസ് വി എൻ ഭാട്ടി എന്നിവർ അടങ്ങിയ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. 2023 ഫെബ്രുവരിയിലാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ മദ്യനയക്കേസിൽ ഇഡിയും സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു.

ആംആദ്മിപാർട്ടി എംപി സഞ്ജയ് സിങ്ങിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സഞ്ജയ് സിംഗിന്റെ അറസ്റ്റ് പാർട്ടിയെ തകർക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമെന്നാണ് ആം ആദ്മി പാർട്ടി പ്രതികരിക്കുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും ആപ്പിന്റെ വിജയം ബിജെപിയെ അസ്വസ്ഥരാക്കിയെന്നും നിയമപരമായി പാർട്ടിയെ തകർക്കാനാകില്ലെന്ന് ബിജെപിക്ക് അറിയാമെന്നും ആംആദ്മി എംപി സഞ്ജയ് പതക് പറഞ്ഞു.

കേന്ദ്ര സർക്കാറിനെതിരെ സംസാരിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നാണ് ശിവസേന പ്രതികരിച്ചത്. എന്നാൽ ഇഡി റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ലെന്ന് സഞ്ജയ് സിങ്ങിന്റെ അച്ഛൻ പറഞ്ഞു. ഇതിനിടെ അഴിമതിയിൽ സഞ്ജയ് സിങ്ങിന് വ്യക്തമായ പങ്കുണ്ടെന്ന് ബിജെപി തിരിച്ചടിച്ചു. മുഖ്യസൂത്രധാരൻ ഇപ്പോഴും പുറത്തെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അരവിന്ദ് കെജ്രിവാളിനെ ഉന്നം വച്ച് പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഊഴം ഉടനെയെത്തും. അരവിന്ദ് കെജ്രിവാളിന് സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് നൽകിയവരെല്ലാം ഇപ്പോൾ ജയിലിലാണെന്നും അനുരാഗ് താക്കൂർ പരിഹസിച്ചു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image