
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറങ്ങി. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണ നടത്തും. ഇത് വിദ്യാർത്ഥികൾക്ക് മികച്ച മാർക്കുകൾ നേടാനുള്ള അവസരം നൽകുന്നു. മാസങ്ങൾ നീണ്ടുനിൽക്കുന്ന കോച്ചിംഗിനെയും ഓർമ്മ ശക്തി അളക്കലിനെയും ആശ്രയിക്കുന്നതിനുപകരം വിദ്യാർത്ഥികളുടെ ധാരണയും കഴിവും വിലയിരുത്തുന്നതിനാണ് പുതിയ ചട്ടക്കൂട് പുറത്തിറക്കിയിരിക്കുന്നത്.
11, 12 ക്ലാസുകളിൽ രണ്ട് ഭാഷകൾ പഠിക്കണം. അതിൽ ഒന്ന് ഇന്ത്യൻ ഭാഷയായിരിക്കണം. ഈ ക്ലാസിലെ സ്ട്രീം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ടാകും. ചോദ്യപേപ്പർ തയ്യാറാക്കുന്നവർ, വാല്യുവേഷൻ ചെയ്യുന്നവർ എല്ലാം യൂണിവേഴ്സിറ്റി സർട്ടിഫൈഡ് കോഴ്സുകൾ പഠിച്ചിരിക്കണം.
2024 അക്കാദമിക് വർഷം മുതൽ പുതിയ ചട്ടക്കൂട് അനുസരിച്ചുള്ള പാഠ്യപുസ്തകങ്ങൾ അച്ചടിക്കും. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ദേശീയ വിദ്യാഭ്യാസ നയവുമായി മുന്നോട്ട് പോകുന്നത്.