മണിപ്പൂരിലെ കൂട്ടബലാത്സം​ഗക്കേസ്; 53 അം​ഗ സിബിഐ സംഘം അന്വേഷിക്കും

ആറ് അക്രമ സംഭവങ്ങളും ആയുധപ്പുരകളിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ചതും നിലവിൽ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്
മണിപ്പൂരിലെ കൂട്ടബലാത്സം​ഗക്കേസ്; 53 അം​ഗ സിബിഐ സംഘം അന്വേഷിക്കും

ഇംഫാൽ: മണിപ്പൂരിൽ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് 53 അംഗ സിബിഐ സംഘം അന്വേഷിക്കും. രണ്ട് വനിതാ ഡിഐജിമാർ അന്വേഷണ സംഘത്തിലുണ്ടാകും. ലൗലി കട്യാർ, നിർമ്മലാ ദേവി എന്നിവരാണ് സംഘത്തിലെ വനിത ഉദ്യോഗസ്ഥർ. ജൂലായ് 29 നാണ് കേസ് സിബിഐക്ക് കൈമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി.

വടക്കുകിഴക്കൻ സംസ്ഥാനത്ത് നടന്ന ആറ് അക്രമ സംഭവങ്ങളും ആയുധപ്പുരകളിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ചതും നിലവിൽ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. മണിപ്പൂരിൽ നിന്ന് മിസോറാമിലേക്കും നാഗാലാൻഡിലേക്കും ഹെലികോപ്റ്റർ സർവ്വീസിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ചുരാചന്ദ്പൂരിൽ നിന്ന് മിസോറാമിലെ ഐസ്വാളിലേക്കും കാങ്പോക്പിയിൽ നിന്നോ സേനാപതിയിൽ നിന്നോ നാഗാലാൻഡിലെ ദിമാപൂരിലേക്കും ആയിരിക്കും ഹെലികോപ്റ്റർ സർവ്വീസ്. കുക്കി സംഘടനകളുടെ കൂട്ടായ്മയായ ഇന്റി ജീനിയസ് ട്രൈബൽ ഫോറം അമിത് ഷായുമായുള്ള ചർച്ചയിൽ കൂടുതൽ ഹെലികോപ്റ്റർ സർവ്വീസ് എന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മെയ് നാലിന് ആണ് രണ്ടു കുക്കി സ്ത്രീകളെ പൊലീസ് സ്റ്റേഷനിൽ നിന്ന് പിടിച്ചുകൊണ്ടുപോയി ന​ഗ്നരാക്കി നട‌ത്തിക്കുകയും കൂട്ടബലാത്സം​ഗത്തിനിരയാക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് രാജ്യത്താകെ നടന്നത്.

മെയ് മൂന്നിന് തുടങ്ങിയ മെയ്തി, കുക്കി സംഘർഷത്തിൽ 160-ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. മെയ്തി വിഭാ​ഗത്തെ പട്ടിക വർ​ഗ വിഭാ​ഗത്തിൽ ഉൾപ്പെടുത്താനുളള നീകത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ മലയോര ജില്ലകളിൽ കുക്കികൾ സോളിഡാരിറ്റി മാർച്ച് നടത്തിയിരുന്നു. തുടർന്ന് മെയ്തികൾ കുക്കികൾക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. മണിപ്പൂർ ജനസംഖ്യയിൽ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തികൾ ഇംഫാൽ താഴ്വരയിലാണ് താമസിക്കുന്നത്. കുക്കികൾ മലയോര ജില്ലകളിലാണ് താമസിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com