മഹാരാഷ്ട്ര കോണ്ഗ്രസ് ഭയത്തിലാണ്; അതോടൊപ്പം തന്നെ ഒരവസരവും കാണുന്നുണ്ട്

ബിജെപിക്കകത്ത് അതൃപ്തരായ നേതാക്കളെയും കോണ്ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്

dot image

മുംബൈ: സഖ്യകക്ഷികളായ എന്സിപിയും ശിവസേനയും ശോഷിച്ചത് സംസ്ഥാനത്തെ കോണ്ഗ്രസിന് ഒരവസരമായി മാറിയിരിക്കുകയാണ്. മഹാവികാസ് അഘാഡിയിലെ ഒന്നാം കക്ഷിയാവാനുള്ള സാധ്യതയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള് കോണ്ഗ്രസിന് നല്കിയിരിക്കുന്നത്.

നേരത്തെ മഹാവികാസ് അഘാഡിയില് കോണ്ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നുവെങ്കില് നിലവിലെ സാഹചര്യത്തില് ആ സ്ഥിതി മാറാം. കോണ്ഗ്രസിന്റെ വാക്കുകള്ക്ക് കൂടുതല് ശ്രദ്ധ ലഭിക്കുന്ന അവസ്ഥയിലേക്ക് ഇപ്പോഴത്തെ മാറ്റം.

ബിജെപിയിലേക്ക് ചേക്കേറിയ എന്സിപി നേതാക്കള് മടങ്ങിവരാന് കോണ്ഗ്രസിനെ തെരഞ്ഞെടുത്തേക്കാം എന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അത് പോലെ നിലവിലെ സാഹചര്യത്തില് കോണ്ഗ്രസുമായി ലയിക്കുന്നതിനെ കുറിച്ച് ശരദ് പവാര് കാര്യമായി തന്നെ ആലോചിക്കുമെന്ന് അവര് കരുതുന്നു.

ശരദ് പവാറിന് വീണ്ടും എന്സിപിയെ കെട്ടിപ്പടുക്കാന് കഴിയുമോ എന്ന് നോക്കിയതിന് ശേഷമായിരിക്കും കോണ്ഗ്രസ് അടുത്ത നീക്കങ്ങള്ക്ക് തുനിയുക. മുന്പൊരിക്കല് കോണ്ഗ്രസുമായി ലയനമുണ്ടാവുമോ എന്ന ചോദ്യം ഉയര്ന്നപ്പോള് ആ സാധ്യതയെ ശരദ് പവാറിന്റെ മകളും പാര്ട്ടി വര്ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെ തള്ളിക്കളഞ്ഞിരുന്നില്ല.

അതേ പോലെ ബിജെപിക്കകത്ത് അതൃപ്തരായ നേതാക്കളെയും കോണ്ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതില് പ്രധാനി പങ്കജ് മുണ്ടെയാണ്. അന്തരിച്ച മുതിര്ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജിന് ഇപ്പോള് ബിജെപിയില് വലിയ പരിഗണന ലഭിക്കുന്നില്ല. പങ്കജടക്കമുള്ള നേതാക്കള് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി പാര്ട്ടിയിലേക്ക് വരുമെന്നാണ് കോണ്ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

അതേ സമയം എന്സിപിയെയും ശിവസേനയെയും പ്രതീക്ഷിക്കാത്ത നീക്കങ്ങളിലൂടെ തകര്ത്ത ബിജെപിയുടെ ശ്രമം തങ്ങളുടെ നേര്ക്ക് നീളുമോ എന്നാണ് കോണ്ഗ്രസിനെ ഭയപ്പെടുത്തുന്നത്. കോണ്ഗ്രസ് നേതാക്കളെ കൂടി കൂറുമാറ്റി അപ്പുറത്തെത്തിച്ച് പ്രതിപക്ഷത്തെ പൂര്ണ്ണമായി ഇല്ലാതാക്കുന്ന അവസ്ഥയുണ്ടാവുമോ എന്നതാണ് പാര്ട്ടി നേതാക്കളുടെ ഭയം.

dot image
To advertise here,contact us
dot image