Top

ആറാട്ടിലെ ഗാനം കോപ്പി അടിച്ചതല്ല; കാലാകാലങ്ങളായി കേട്ടുവന്നിരുന്ന ഈണമെന്ന് രാഹുൽ രാജ്

'ഞാൻ ആറാട്ടിൽ ഉപയോഗിച്ച ഇതേ ഈണം, റഹ്‌മാൻ സർ അദ്ദേഹത്തിന്റെ "ആഹാ തമിഴമ്മാ..." എന്ന ഹിറ്റ് ഗാനത്തിലും ഉപയോഗിച്ചിട്ടുണ്ട്'

14 March 2022 10:40 AM GMT
ഫിൽമി റിപ്പോർട്ടർ

ആറാട്ടിലെ ഗാനം കോപ്പി അടിച്ചതല്ല; കാലാകാലങ്ങളായി കേട്ടുവന്നിരുന്ന ഈണമെന്ന് രാഹുൽ രാജ്
X

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആറാട്ട്'. സിനിമയിലെ 'ഒന്നാം കണ്ടം' എന്ന ഗാനത്തിലെ ചില ഭാഗങ്ങളുടെ ട്യൂൺ കോപ്പി അടിച്ചതാണ് എന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ രാഹുൽ രാജ്.

താൻ ആ ട്യൂൺ സിനിമകളിൽ നിന്നോ ആൽബത്തിൽ നിന്നോ കോപ്പി അടിച്ചതല്ല. ദശാബ്ദങ്ങൾ ആയി ക്ഷേത്രങ്ങളിൽ കേട്ട് വരുന്ന ഒരു വലിയ വിഭാഗം മലയാളികൾക്കും തമിഴർക്കും പരിചിതമായ ഒരു ഈണം ആണ്. പരമ്പരാഗതമായി പരിചതമായ ഒരു നാടൻ പ്രയോഗം പാട്ടിനിടയിൽ ഉപയോഗിക്കണം എന്ന ചിന്തയിൽ നിന്നുമാണ് ഗാനത്തിൽ ട്യൂൺ ഉൾപ്പെടുത്തിയത് എന്ന് രാഹുൽ രാജ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുൽ രാജിന്റെ വാക്കുകൾ:

ആറാട്ടിലെ "ഒന്നാം കണ്ടം" എന്ന ഗാനത്തിൽ 01:16 തൊട്ട് 01:31 വരെയുള്ള ഭാഗത്ത് വരുന്ന ഒരു കോറസ് ബിറ്റിനെ കുറിച്ച് പലയിടത്തും വിമർശനങ്ങൾ കണ്ടിരുന്നു. അതിന്റെ ഈണം ഞാൻ പത്ത് വർഷം മുന്പിറങ്ങിയ ഒരു ഗാനത്തിൽ നിന്നും പകർത്തിയതാണെന്ന്. ഇതേ ഈണം തന്നെ അതിനും മുന്പിറങ്ങിയ മറ്റൊരു ഗാനത്തിൽ നിന്നുമാണെടുത്തത് എന്ന് മറ്റുചിലർ പറയുന്നു. ഇതിനെ കുറിച്ച് ഒരു ധാരണ തരാനാണ് എന്റെയീ പോസ്റ്റ്.

ഈ ബിറ്റ് സിനിമാപാട്ടുകളിൽ നിന്നോ ആൽബത്തിൽ നിന്നോ ഒന്നും എടുത്തതല്ല. ദശാബ്ദങ്ങൾ ആയി ക്ഷേത്രങ്ങളിൽ, ഉത്സവങ്ങളിൽ ഒക്കെ കേട്ട് വരുന്ന, തൊണ്ണൂറുകളിലോ അതിന് മുൻപോ ജനിച്ച ഒരു വലിയ വിഭാഗം മലയാളികൾക്കും, തമിഴർക്കും പരിചിതമായ ഒരു ഈണം ആണ്.

വീര വിരാട കുമാര എന്ന കുമ്മിപ്പാട്ട് 'കുത്തിയോട്ട'ത്തിലെ പ്രശസ്തമായ പല ഭാഗങ്ങളും തമിഴ് സാഹിത്യത്തിലെ അഗ്രഗണ്യനായ ശ്രീ ഭാരതീയാരുടെ കുമ്മി അടി തമിഴ് നാട് എന്ന കൃതിയുടെ ഗാനാലാപനവും ഇതേ രൂപത്തിൽ തന്നെ ആണ്. തിരുവാതിരകളിയിലും പലപ്പോഴും ഇതേ ഈണം കേൾക്കാം. ആഘോഷങ്ങളിൽ പൊതുവായി ആളുകൾ ഏറ്റ് പാടുന്ന ഈ നാടൻ ഈണം, ഒന്നാം കണ്ടം എന്നഗാനത്തിന്റെ ഇടയിൽ ചേർത്തത് മനപ്പൂർവ്വം തന്നെയാണ്. ഏ. ആർ. റഹ്മാന്റെ "മാർഗഴി പൂവേ" എന്ന മാസ്റ്റർപീസ് തുടങ്ങുമ്പോഴുള്ള ഇൻട്രോ, "കൗസല്യാ സുപ്രജാ.." എന്ന നമുക്കെല്ലാം അറിയുന്ന വെങ്കടേശ്വര സുപ്രഭാതത്തിന്റെ ഈണം ഉപയോഗിച്ചത് പോലെ. ഞാൻ ആറാട്ടിൽ ഉപയോഗിച്ച ഇതേ ഈണം, റഹ്‌മാൻ സർ അദ്ദേഹത്തിന്റെ "ആഹാ തമിഴമ്മാ..." എന്ന ഹിറ്റ് ഗാനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

പരമ്പരാഗതമായി പരിചതമായ ഒരു നാടൻ പ്രയോഗം ഈ പാട്ടിനിടയിൽ ഉപയോഗിക്കണം എന്ന ദൃഢ നിശ്ശ്ചയത്തോടെയാണ് ഞാൻ ഈ ഗാനത്തിൽ അത് ഉൾപ്പെടുത്തിയത്. ഇങ്ങനെയുള്ള സിറ്റുവേഷനുകളിൽ അല്ലാതെ, ചോട്ടാ മുംബൈയിൽ തുടങ്ങി, ആറാട്ട് വരെ എത്തി നിൽക്കുന്ന എന്റെയീ 15 വർഷത്തെ കരിയറിൽ, ഞാൻ അറിഞ്ഞുകൊണ്ട് മറ്റൊരുഗാനത്തിൽ നിന്ന് ഈണം പകർത്തിയിട്ടില്ല എന്ന് ഉറപ്പിച്ച് പറയാം. അത് ഞാൻ എനിക്ക് അനുഗ്രഹമായി കിട്ടിയ എന്റെ തൊഴിലിനോട് എനിക്ക് പുലർത്താൻ കഴിയുന്ന ആത്മാർഥതയായെ കണ്ടിട്ടുള്ളൂ.

story highlights: rahul says that he didnt copy the tune of aarattu song from any movie

Next Story