

ഡോണള്‍ഡ് ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയിട്ട് ഇന്ന് ഒരു വര്‍ഷം. ട്രംപിന്റെ രണ്ടാം വരവോടെ ലോകത്താകമാനം നിരവധി സംഭവ വികാസങ്ങളാണ് ഉടലെടുത്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്ന് ഇന്ത്യ കരുതിയിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ട്രംപിന്റെ ഉയര്‍ന്ന തീരുവയും ഇന്ത്യക്കാരെ നാടുകടത്തിയതും അതിര്‍ത്തികള്‍ കര്‍ശനമാക്കിയതും സൈനിക ഇടപെടലുകളും ഒക്കെ ഇന്ത്യക്ക് തിരിച്ചടിയായി. അവയില്‍ പലതും നമ്മെ സാരമായി ബാധിച്ചു.

കഴിഞ്ഞ പത്തു വര്‍ഷത്തോളമായി അമേരിക്കയുമായി വ്യാപാരം, കുടിയേറ്റം, നയതന്ത്ര ബന്ധങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ ഇന്ത്യ മുന്നില്‍ നിന്നിരുന്നു. എന്നാല്‍ ട്രംപിന്റെ തിരിച്ചുവരവിന് ശേഷം ഒന്നിനുപുറകെ ഒന്നായി തടസ്സങ്ങള്‍ നേരിട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചു എന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യക്ക് അപ്രിയമായി. യുഎസ് പ്രസിഡന്റ് താന്‍ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളില്‍ ഒന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണെന്ന് അവകാശപ്പെടുന്നു. റഷ്യന്‍ എണ്ണ വാങ്ങിയതിന് അമേരിക്ക പലപ്പോഴായി 150% തീരുവ ചുമത്തിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു അസ്വസ്ഥമായ വഴിത്തിരിവായി. പ്രത്യേകിച്ച്, വ്യാപാരം, കുടിയേറ്റം എന്നീ രണ്ട് മേഖലകളില്‍ പ്രശ്നങ്ങള്‍ നേരിട്ടു.
കയറ്റുമതി പ്രതിസന്ധിയില്‍
2025 ഓഗസ്റ്റ് 27 മുതല്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് യുഎസ് 50% തീരുവ ചുമത്തി. അതില്‍ റഷ്യന്‍ എണ്ണ വാങ്ങിയതിന് 25% അധിക തീരുവയും ഉള്‍പ്പെടുന്നു. സമാന പ്രശ്‌നം നേരിടുന്ന ചൈന (ഏകദേശം 32%), വിയറ്റ്‌നാം (20%), ബംഗ്ലാദേശ് (20%) തുടങ്ങിയ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യക്ക് അധിക തീരുവയാണ് ചുമത്തിയത്. വളര്‍ന്നുവരുന്ന വിപണി എന്ന നിലയില്‍ ഉയര്‍ന്ന താരിഫുകള്‍ രാജ്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. ഉയര്‍ന്ന താരിഫുകള്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, രാജ്യത്തിന് കയറ്റുമതി സ്ഥിരത കൈവരിക്കാനായി.
സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളില്‍, യുഎസിലേക്കുള്ള കയറ്റുമതിയില്‍ 1 ശതമാനത്തിന്റെ നേരിയ ഇടിവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. വിവിധ മേഖലകളില്‍ ഇത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും ഈ കാലയളവില്‍ കയറ്റുമതി 2557 കോടി ഡോളറിലെത്തി. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നിരവധി തൊഴില്‍ മേഖലകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ട്രംപിന്റെ ഉയര്‍ന്ന താരിഫ് നയം തുടര്‍ന്നു പോവുകയാണെങ്കില്‍ ഇന്ത്യ കയറ്റുമതിയില്‍ വലിയ പ്രതിസന്ധി നേരിട്ടേക്കും.

റഷ്യന്‍ എണ്ണക്ക് വിലക്ക്
റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിനുശേഷം, റഷ്യന്‍ എണ്ണക്ക് വില കുറച്ചതോടെ ഇന്ത്യ എണ്ണ വാങ്ങല്‍ ആരംഭിച്ചു. യുദ്ധത്തിന് മുമ്പ്, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 2% മാത്രമാണ് റഷ്യന്‍ എണ്ണയെ ആശ്രയിച്ചിരുന്നത്. ഇത് 2025 ല്‍ 35% ആയി വര്‍ദ്ധിച്ചു. ഇതേ തുടര്‍ന്ന് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിച്ചു. എന്നാല്‍ റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയ്ക്ക് സമാനമായ പിഴകള്‍ ഏര്‍പ്പെടുത്തിയില്ല. മോദിയുമായി ട്രംപ് സൗഹൃദം പുലര്‍ത്തി എങ്കില്‍ പോലും റഷ്യന്‍ എണ്ണയുടെ പേരില്‍ ട്രംപ് കടുത്ത നിലപാട് തുടര്‍ന്നു. യുഎസ് ഇന്ത്യയുടെ വ്യാപാര പങ്കാളിയായി തുടരുന്നത് കണക്കിലെടുക്കുമ്പോള്‍, രാജ്യം റഷ്യന്‍ എണ്ണ വെട്ടിക്കുറച്ചു.
എങ്കിലും കടുത്ത തീരുവുമായി ഇന്ത്യയെ വിടാതെ പിന്തുടരുകയാണ് ട്രംപ്. 2026 സാമ്പത്തിക വര്‍ഷം ഇതുവരെ റഷ്യന്‍ എണ്ണയുടെ വിഹിതം 32% ആയി കുറഞ്ഞിട്ടുണ്ട്. ഡിസംബര്‍ ആയപ്പോഴേക്കും റഷ്യന്‍ എണ്ണ വാങ്ങലില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി. അതേസമയം, ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തില്‍ യുഎസില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി വര്‍ദ്ധിച്ചു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ യുഎസിന്റെ പങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.6% ല്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം ഇരട്ടിയായി 8.1% ആയി. കൂടുതല്‍ പൊരുത്തപ്പെടലുകള്‍ക്ക് തയ്യാറാവാതെ മോദിയും ശക്തമായ നിലപാട് കൈക്കൊള്ളുകയാണ്.

നാടുകടത്തല്‍ ഏറുന്നു
താരിഫുകള്‍ക്ക് പുറമേ, ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിച്ച പ്രശ്‌നം കുടിയേറ്റമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍, യുഎസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് വേഗത്തിലാക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഈ നീക്കം ഇന്ത്യയ്ക്കും പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. 2022 വരെ 2,00,000-ത്തിലധികം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസില്‍ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നതിനാല്‍, പലരെയും നാടുകടത്തി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 200 ലധികം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൈവിലങ്ങുകളും ചങ്ങലകളും അണിയിച്ച് നാടുകടത്തിയത് ഇന്ത്യയില്‍ വിവാദം സൃഷ്ടിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് കര്‍ശന നടപടി സ്വീകരിച്ചതോടെ, വര്‍ഷം മുഴുവനും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തി. വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ പങ്കിട്ട ഡാറ്റ പ്രകാരം, 2025 നവംബര്‍ 28 വരെ 3,250 ഇന്ത്യക്കാരെ യുഎസ് നാടുകടത്തി. ട്രംപിന്റെ മുന്‍ വര്‍ഷങ്ങളിലെ നാടുകടത്തലുകളേക്കാള്‍ വളരെ കൂടുതലാണിത്.
വിസ പ്രശ്നങ്ങള്‍
മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍(മാഗാ) എന്ന മുദ്രാവാക്യവുമായാണ് ട്രംപ് അധികാരത്തിലെത്തിയത്. കുടിയേറ്റക്കാരെ അകറ്റുന്ന നയമാണ് ഇതിലൂടെ ട്രംപ് നടപ്പാക്കിയത്. കര്‍ശനവും ചെലവേറിയതുമായ വിസ പ്രക്രിയകള്‍ നടപ്പാക്കിയതിലൂടെ തൊഴിലാളികളും വിദ്യാര്‍ത്ഥികളും തിരിച്ചടി നേരിട്ടു. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കര്‍ശനമാക്കി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തിരികെ പോരേണ്ടതായി വന്നു.

ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരുടെ കുടിയേറ്റത്തിനെതിരെയും കര്‍ശന നടപടി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്കാര്‍ തിരിച്ചടി നേരിട്ടു. ഏറ്റവും വലിയ മാറ്റം പുതിയ എച്ച് 1 ബി വിസ അപേക്ഷകള്‍ക്ക് കുത്തനെ ഫീസ് വര്‍ധിപ്പിച്ച് 100000 ഡോളറാക്കിയതായിരുന്നു. ഇത് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള തൊഴിലുടമകളുടെ ചെലവ് കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. എച്ച്1ബി വിസകള്‍ക്കായി വേതനാധിഷ്ഠിത വെയ്റ്റഡ് ലോട്ടറി സംവിധാനം വന്നതും ട്രംപിന്റെ പ്രധാന നീക്കമായിരുന്നു. ഇത് നേരത്തെയുള്ള റാന്‍ഡം സെലക്ഷന്‍ പ്രക്രിയയേക്കാള്‍ ഉയര്‍ന്ന ശമ്പളമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. എച്ച്1ബി വിസകളില്‍ ഏറ്റവും കൂടുതല്‍ വിഹിതം ലഭിക്കുന്ന ഇന്ത്യക്കാര്‍ (ഏകദേശം 74%) വിസ പ്രോസസ്സിംഗിലെ കാലതാമസവും വര്‍ദ്ധിച്ച അനിശ്ചിതത്വവും നേരിടുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എച്ച്1ബി വിസ അനുമതികള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 19% കുറവ് രേഖപ്പെടുത്തി.
Content Highlights: One Year Since Donald Trump Returned to Power