

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തിയ സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങിയത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രം 100 കോടി ക്ലബ്ബിലും ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം കമൽ ഹാസൻ തന്നെ വിളിച്ചിരുന്നുവെന്നും അഭിനന്ദിച്ചുവെന്നും പറയുകയാണ് സുധ കൊങ്കര.
'കമൽഹാസൻ സാർ പരാശക്തി എന്ന സിനിമ കണ്ടു, ഏകദേശം 12:45 ന് വിളിച്ചു. അദ്ദേഹം പറഞ്ഞു, ‘60 വർഷം മുമ്പ് നടന്ന ഒരു സംഭവം നിങ്ങൾ ഓർമ്മിച്ചു, അതിനെക്കുറിച്ച് ഞങ്ങളെ ചിന്തിപ്പിച്ചു. അത് തന്നെ ഒരു വലിയ കാര്യമാണ്.’ എനിക്കും അങ്ങനെ തന്നെ തോന്നി,' സുധ കൊങ്കര പറഞ്ഞു. ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെ തമിഴ് നാട്ടിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പരാശക്തി ഒരുങ്ങിയത്.
#KamalHaasan sir saw our film #Parasakthi and called around 12:45. He said, ‘You recalled an incident that happened 60 years ago and made us think about it. That itself is a big thing.’ Even I felt the same. - @Sudha_Kongara👏#Sivakarthikeyan#TheeParavattum#Ulaganayagan pic.twitter.com/7rkPmS5HIe
— SundaR KamaL (@Kamaladdict7) January 20, 2026
ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങിയത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങിയത്.
52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
വിജയ് ചിത്രം ജനനായകനും ഒന്നിച്ചായിരുന്നു സിനിമ തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് കാരണം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. പരാശക്തിയ്ക്ക് നേരെ വിജയ് ആരാധകർ നെഗറ്റീവ് കമന്റുകൾ ഇടുന്നുവെന്നും സിനിമയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഈ വാദങ്ങൾക്ക് ഇടയിലാണ് പരാശക്തി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്.
Content Highlights: Director Sudha Kongara said that actor Kamal Haasan personally called her to congratulate her after watching Parasakthi. She described the appreciation from the veteran actor as a proud and emotional moment, highlighting the film’s positive reception within the industry.