

യുഎസ് ഉപരോധത്തിനിടയിലും റഷ്യന്‍ ക്രൂഡ് വാങ്ങല്‍ വര്‍ദ്ധിപ്പിക്കുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും നയാര എനര്‍ജിയും. അതേസമയം, റഷ്യയില്‍ നിന്നുള്ള ജനുവരിയിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതി കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ മാസം റഷ്യന്‍ ക്രൂഡ് വാങ്ങിയിട്ടേയില്ല. ഇതുവരെ ഏറ്റവും കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്തത് റിലയന്‍സായിരുന്നു. ട്രംപിന്റെ തുടരെത്തുടരെയുള്ള ഉപരോധങ്ങളാണ് മുകേഷ് അംബാനിയെ പിന്നോട്ട് വലിച്ചതെന്നു പറയപ്പെടുന്നു. റിലയന്‍സിന്റെ ഈ പിന്‍മാറ്റം വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുമോ എന്നത് കാത്തിരുന്നു കാണാം. കോവിഡിനു ശേഷം രാജ്യത്ത് ഇന്ധനവില മാറാത്തതിനു പ്രധാന കാരണം റഷ്യന്‍ എണ്ണയാണ്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിയിരുന്നത് മുടങ്ങിയാല്‍ ഇത് രാജ്യത്തെ എണ്ണ വിലയെയും ബാധിച്ചേക്കും.

റഷ്യന്‍ എണ്ണയെ വിടാതെ ഇന്ത്യന്‍ ഓയിലും നയാരയും
ആഗോള റിയല്‍-ടൈം ഡാറ്റ അനലിറ്റിക്‌സ് അനുസരിച്ച് ജനുവരി ആദ്യ പകുതിയില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി പ്രതിദിനം ശരാശരി 1.18 ദശലക്ഷം ബാരലാണ്. ഇത് ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ 30% കുറവാണ്. അതേസമയം ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇറക്കുമതി ഏകദേശം 3% കുറവാണ്. യുഎസ് ഉപരോധം വന്നതോടെ റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് ഇന്ത്യ കുത്തനെ കുറച്ചു. ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓയില്‍, നയാര, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ മാത്രമാണ് റഷ്യന്‍ എണ്ണ വാങ്ങിയത്. ഇന്ത്യന്‍ ഓയില്‍ പ്രതിദിനം ഏകദേശം അര ദശലക്ഷം ബാരല്‍ എണ്ണയാണ് വാങ്ങുന്നത്. ഇത് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന മൊത്തം റഷ്യന്‍ ക്രൂഡിന്റെ ഏകദേശം 43% വരും. 2024 മെയ് മാസത്തിനു ശേഷമുള്ള ഇന്ത്യന്‍ ഓയിലിന്റെ ശരാശരി ഉപഭോഗത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2025 ലെ ശരാശരിയേക്കാള്‍ 64% കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയതിനുശേഷം റഷ്യന്‍ എണ്ണയെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന നയാര, ഈ മാസം ഇതുവരെയുള്ള കണക്കുകളില്‍ രണ്ടാമത്തെ കൂടുതല്‍ വാങ്ങലുകാരായി. പ്രതിദിനം ഏകദേശം 4,71,000 ബാരല്‍ ഇറക്കുമതിയാണ് നയാര നടത്തുന്നത്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2025 ലെ ശരാശരി ഉപഭോഗത്തേക്കാള്‍ 56% കൂടുതലുമാണ്.
റിലയന്‍സിന്റെ പിന്മാറ്റം
2026 ആരംഭത്തില്‍ പുതിയ ഓര്‍ഡറുകള്‍ ഒന്നും തന്നെയില്ലെന്നു റിലയന്‍സ് ആവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍, യൂറോപ് വിപണികള്‍ നഷ്ടമാകാതിരിക്കാനാണ് റിലയന്‍സിന്റെ ഈ തീരുമാനം. റഷ്യയ്ക്ക് പകരം ഇറാഖ്, യുഎസ്, വെസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് റിലയന്‍സിന് എണ്ണ കിട്ടും. നേട്ടം കുറഞ്ഞാലും വിപണികള്‍ സംരക്ഷിക്കാനാകും. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു പുറമേ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ്, മാംഗ്ലൂര്‍ റിഫൈനറി & പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്നിവ ഈ മാസം റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടില്ല. ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ പ്രധാന ക്രൂഡ് വിതരണക്കാരെയാണ് ഈ കമ്പനികള്‍ ആശ്രയിക്കുന്നത്.
യുഎസിന്റെ ഉപരോധം
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലിനെ യുഎസ് വിമര്‍ശിക്കുകയും പിന്നീട് ഇന്ത്യക്ക് മേല്‍ അമേരിക്ക അധിക താരിഫ് ഭീഷണി മുഴക്കിയതോടെ ഇന്ത്യക്ക് അയവ് വരുത്തേണ്ടതായും വന്നു. ഓഗസ്റ്റ് അവസാനത്തോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ 25% അധിക താരിഫ് പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ഇറക്കുമതി നിയന്ത്രിച്ചു. റഷ്യയിലെ ഏറ്റവും വമ്പന്‍ എണ്ണ കയറ്റുമതിക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്കാണ് ട്രംപ് അടുത്തിടെ ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ ഈ രണ്ട് കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി വീണ്ടും കുറച്ചു.

എണ്ണ ഇറക്കുമതിയുടെ ചരിത്രം
2022 മേയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷമാണ് ഇന്ത്യ വലിയതോതില്‍ റഷ്യന്‍ എണ്ണ വാങ്ങിത്തുടങ്ങിയത്. റഷ്യ വന്‍തോതില്‍ ഡിസ്‌കൗണ്ട് നല്‍കിയതും ഇന്ത്യ പ്രയോജനപ്പെടുത്തി. യുദ്ധത്തിന് മുന്‍പ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഒരു ശതമാനത്തിനും താഴെയായിരുന്നു റഷ്യന്‍ വിഹിതം. പിന്നീടിതാണ് 40 ശതമാനത്തിലേക്കുവരെ ഉയര്‍ന്നത്. ചൈനയ്ക്ക് പിന്നിലായി റഷ്യന്‍ എണ്ണയുടെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരുമായി ഇന്ത്യ മാറി.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് റഷ്യന്‍ ക്രൂഡിലുള്ള താത്പര്യം കുറഞ്ഞപ്പോള്‍ റഷ്യ കിഴിവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ബാരലിന് 5-6 ഡോളറായിരുന്നത് പിന്നീട് ഏകദേശം 2 ഡോളറായി മാറി. ഈ കിഴിവ് പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ഓയില്‍ ജനുവരിയില്‍ റഷ്യന്‍ എണ്ണയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയായിരുന്നു.
Content Highlights: Indian oil, nayara lift russian crude as reliance skips