കാര്യവട്ടത്ത് കളി കാര്യമാകും; ഒരു ജയമകലെ ഇന്ത്യയ്ക്ക് പരമ്പര, ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 ഇന്ന്‌

സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്

കാര്യവട്ടത്ത് കളി കാര്യമാകും; ഒരു ജയമകലെ ഇന്ത്യയ്ക്ക് പരമ്പര, ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 ഇന്ന്‌
dot image

തലസ്ഥാന ന​ഗരി ഇന്ന് ക്രിക്കറ്റ് ആവേശത്തിൽ ആറാടും. കേരളത്തിലെ കായികപ്രേമികൾ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് ഇന്ന് തിരുവനന്തപുരം സാക്ഷ്യം വഹിക്കും. ഇന്ത്യ - ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ കേരളത്തിൽ നടക്കുന്ന ആദ്യ മത്സരം ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

വൈകുന്നേരം ഏഴ് മണിക്കാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുന്നത്. ഡിസംബർ 28, 30 തീയതികളിലായാണ് പരമ്പരയിലെ മറ്റുമത്സരങ്ങൾക്ക് ഗ്രീൻഫീൽഡ് വേദിയാവുക.

സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് നടന്നത്. രണ്ടിലും വിജയിച്ച ഹർമൻപ്രീത് കൗറും സംഘവും നിലവിൽ 2-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

​ക്യാപ്റ്റൻ ഹർമൻപ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ്മ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിംഗുമായി റിച്ച ഘോഷും തിളങ്ങും. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി റിച്ച തന്നെയാകും കളത്തിലിറങ്ങുക.

ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെ അഭാവത്തിലും സ്നേഹ് റാണ, അരുന്ധതി റെഡ്ഢി, അമൻജോത് കൗർ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യയ്ക്ക് കരുത്തേകുന്നു.

​മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് ഇന്ന് ജീവൻമരണ പോരാട്ടമാണ്. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു, ഹർഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാകും ലങ്കയ്ക്ക് നിർണ്ണായകമാവുക. മധ്യനിര ബാറ്റിംഗിലെ പതർച്ചയാണ് ലങ്കൻ ടീമിനെ നിലവിൽ വലയ്ക്കുന്നത്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.

Content Highlights: IND vs SL, 3rd W-T20 Match in Thiruvananthapuram: India looks to seal series win against Sri Lanka

dot image
To advertise here,contact us
dot image