

ദിനംപ്രതി സ്വര്‍ണത്തിന്റെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഉപഭോക്താക്കളില്‍ വിലക്കയറ്റം ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് വിലക്കയറ്റം ആശ്വാസം പകരുന്നുണ്ട്. സ്വര്‍ണം പക്കലുള്ള പലര്‍ക്കും ഇപ്പോള്‍ അവ കൈമാറിയാല്‍ പൊന്നും വില ലഭിക്കുമെന്നതും പലരും പോസിറ്റീവായി കാണുന്ന ഒന്നാണ്. അത്തരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ടാണ് ആര്‍പിജി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനായ ഹര്‍ഷ് ഗോയെങ്ക രംഗത്തെത്തിയിരിക്കുന്നത്.
ഉയരുന്ന സ്വര്‍ണ വിലയും ആ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന വാഹനങ്ങളെ പറ്റിയുമാണ് ഹര്‍ഷ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഓരോ വര്‍ഷങ്ങളിലും ഒരു കിലോ സ്വര്‍ണത്തിന്റെ വിലയ്ക്ക് ഏത വാഹനമാണ് വാങ്ങാന്‍ കഴിയുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്. ഉദ്ദാഹരണത്തിന് 1990 ല്‍ ഒരു കിലോ സ്വര്‍ണം നല്‍കിയാല്‍ അല്ലെങ്കില്‍ അതിന്റെ വിലയ്ക്ക് ഒരു മാരുതി 800 വാങ്ങാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ 2000 ത്തിലേക്ക് കടന്നപ്പോള്‍ 1 കിലോ സ്വര്‍ണത്തിന് എസ്റ്റീം വാങ്ങാന്‍ കഴിയുന്ന നിലയിലായി എന്ന് പോസ്റ്റില്‍ പറയുന്നു.

2005 ല്‍ ഇത് ഇന്നോവയും 2010ല്‍ ഫോര്‍ച്യൂണറും 2019 ല്‍ ബിഎംഡബ്ല്യുവും ഒരു കിലോ സ്വര്‍ണമുണ്ടെങ്കില്‍ വാങ്ങാന്‍ കഴിയുമായിരുന്നുവെന്ന് ഗോയെങ്ക പറയുന്നു. ഇപ്പോഴത്തെ സ്വര്‍ണവില അനുസരിച്ചാണെങ്കില്‍ ഒരു കിലോ സ്വര്‍ണത്തിന് ഒരു ലാന്‍ഡ് റോവര്‍ സ്വന്തമാക്കാമെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇങ്ങനെ വിലക്കയറ്റം തുടരുകയാണെങ്കില്‍ 2030 ല്‍ റോള്‍സ് റോയ്‌സും 2040 ല്‍ ഒരു പ്രൈവറ്റ് ജെറ്റും നിങ്ങള്‍ക്ക് ഒരു കിലോ സ്വര്‍ണം ഉപയോഗിച്ച് സ്വന്തമാക്കാമെന്ന് അദ്ദേഹം പറയുന്നു. സ്വര്‍ണം എന്തുകൊണ്ട് ഒരു മികച്ച ദീര്‍ഘകാല നിക്ഷേപമാണെന്ന് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണവിലയില്‍ ഇന്നും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിനിടയിലാണ് പോസ്റ്റ് വൈറലാവുന്നത്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 920 രൂപ വര്‍ദ്ധിച്ച് ഇന്ന് 92,120 രൂപയായി. ഇന്നലെ 91,200 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,515 രൂപയാണ്. 115 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 99,496യില്‍ നിന്ന് 1,00,496 രൂപയായാണ് പവന് വര്‍ദ്ധിച്ചത്. പവന് 1000 രൂപയുടെ വര്‍ദ്ധനവാണ് കാണിച്ചിരിക്കുന്നത്. ഒരു ഗ്രാമിന്റെ വില 125 രൂപ വര്‍ദ്ധിച്ച് 12,562 ആയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 752 രൂപ വര്‍ദ്ധിച്ച് 75,376 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 94 രൂപ വര്‍ദ്ധിച്ച് 9,422 ആയിട്ടുണ്ട്.
അതേസമയം കയ്യിലുള്ള സ്വര്‍ണം മാറ്റിവാങ്ങുന്ന ട്രെന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. നവരാത്രി - ദീപാവലി സീസണില്‍ ഇത്തരത്തില്‍ വന്‍ ഗോള്‍ഡ് എക്സ്ചേഞ്ചാണ് നടന്നിരിക്കുന്നത്. ധന്‍തേരസ് ആഘോഷങ്ങള്‍ക്കിടയില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള തനിഷ്‌കില്‍ ആകെ സെയില്‍ വാല്യുവിന്റെ പകുതിക്ക് അടുത്താണ് സ്വര്‍ണം മാറ്റിവാങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 35 ശതമാനം മാത്രമായിരുന്നു.
റിലയന്‍സ് റീടെയില്‍ പറയുന്നത്, ഇത്തവണ മൂന്നില്‍ ഒരു വില്‍പന ഗോള്‍ഡ് എക്സ്ചേഞ്ച് വഴിയാണെന്നാണ്. കഴിഞ്ഞ വര്‍ഷത്തെ 22 ശതമാനത്തേക്കാള്‍ വലിയ മാറ്റമാണ് റിലയന്‍സില്‍ ഉണ്ടായിരിക്കുന്നത്. വില കൂടിയ കാരണത്താല്‍ പുതിയത് വാങ്ങുന്നതിനേക്കാള്‍ മികച്ച ഓപ്ഷനായി എക്സ്ചേഞ്ചിനെയാണ് കസ്റ്റമേഴ്സ് കാണുന്നതെന്ന് റിലയന്‍സ് റീടെയ്ല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദിനേശ് തലുജ പറയുന്നു. വില കൂടി നില്‍ക്കുന്നത് സ്വര്‍ണത്തിന്റെ പര്‍ച്ചേസ് പവറിനെ ബാധിക്കുന്നുണ്ട്. ഒരു സ്ഥിരത കൈവരിച്ചാല്‍ വ്യാപാരം കൂടുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
10 ഗ്രാമിന് 1.34ലക്ഷം രൂപ വരെ എത്തിയ സാഹചര്യമാണ് ഇന്ത്യയില്‍ വിപണയില്‍ ഒക്ടോബര്‍ 18ന് സംഭവിച്ചത്. ധന്‍തേരസ് ദിവസം മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 69% കുതിച്ച് ചാട്ടമാണ് സ്വര്‍ണം വാങ്ങുന്ന നിരക്കില്‍ ഉണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യക്കാരുടെ കൈയില്‍ 22,000 ടണ്‍ നിഷ്‌ക്രിയ സ്വര്‍ണമാണ് ഉള്ളതെന്നാണ്.
Content Highlights- 'Buy a kilo of gold and you can buy a BMW and a private jet by 2040', x-post viral