മന്ത്രിക്ക് വേദനിച്ചുവെങ്കിൽ ഖേദിക്കുന്നു, ഏകപക്ഷീയമായി കരാറിൽ ഒപ്പുവെച്ചത് തങ്ങൾക്കും വേദനയുണ്ടാക്കി: എഐവൈഎഫ്

ആശയപരമായുള്ള സമരങ്ങളാണ് നടത്തിയതെന്ന് എഐവൈഎഫ്

മന്ത്രിക്ക് വേദനിച്ചുവെങ്കിൽ ഖേദിക്കുന്നു, ഏകപക്ഷീയമായി കരാറിൽ ഒപ്പുവെച്ചത് തങ്ങൾക്കും വേദനയുണ്ടാക്കി: എഐവൈഎഫ്
dot image

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എഐവൈഎഫ്. ആശയപരമായുള്ള സമരങ്ങളാണ് എഐവൈഎഫ് നടത്തിയതെന്നും ഏകപക്ഷീയമായി കരാറിൽ ഒപ്പുവെച്ചത് തങ്ങൾക്കും വേദനയുണ്ടാക്കിയെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പറഞ്ഞു.

സമരങ്ങളിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ഏതെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നും ജിസ്‌മോൻ പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ യുവജന വിദ്യാര്‍ത്ഥി സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫ് പ്രതിഷേധങ്ങളിൽ തനിക്കെതിരെ ഉപയോഗിച്ച വാക്കുകളും വിളിച്ച മുദ്രാവാക്യങ്ങളും വേദനിപ്പിച്ചെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു. ഒരു വിഷയത്തില്‍ സിപിഐഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകളെക്കുറിച്ചും ചെയ്യേണ്ട പ്രവൃത്തികളെക്കുറിച്ചും കുറച്ചുകൂടി പക്വതയോടെ ആലോചിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എഐവൈഎഫ് ഖേദപ്രകടനം നടത്തിയത്.

പിഎം ശ്രീയിൽ എം എ ബേബിയെക്കുറിച്ച് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അം​ഗം കെ പ്രകാശ് ബാബു പറഞ്ഞതും മന്ത്രി ജി ആർ അനിൽ തന്നെക്കുറിച്ച് പറഞ്ഞതും വേദനയുണ്ടാക്കിയെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു. പിന്നാലെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി സംസാരിച്ചിരുന്നുവെന്നും പറഞ്ഞ വാക്കുകൾ വേദനയുണ്ടാക്കിയെങ്കിൽ അതിൽ ക്ഷമചോദിക്കുന്നുവെന്ന് അദ്ദേഹത്തെ അറിയിച്ചതായും പ്രകാശ് ബാബു വ്യക്തമാക്കുകയുണ്ടായി.

Content Highlights: AIYF expresses regret if Education Minister was hurt by criticism related to the PM Shri issue

dot image
To advertise here,contact us
dot image