
സ്വർണ ശേഖരങ്ങളുടെ ഹബ്ബായി മാറിയിരിക്കുകയാണ് ഒഡിഷ എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈയടുത്തായി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ധാതുക്കൾ കണ്ടെത്താൻ നടത്തിയ പരിവേഷണ പദ്ധതിയിലാണ് ഒഡിഷയിലെ വിവിധ ജില്ലകളിലെ സ്വർണ നിക്ഷേപ ശേഖരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ദിയോഗഡ്, സുന്ദർഗഡ്, നമ്പാരങ്പൂർ, കിയോഞ്ചാർ, അംഗുൾ, കൊരാപുത്ത് എന്നിവടങ്ങളിലാണ് വൻ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. അതേസമയം മയൂർബഞ്ച്, മാൽഖൻഗിരി, സമ്പാൽപൂർ, ബോദ്ധ് എന്നിവിടങ്ങളിൽ പരിവേഷണ പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾ ഈ വർഷം മാർച്ചിൽ മന്ത്രി വിഭൂതി ഭൂഷൺ ജെന ഒഡിഷ നിയമസഭയിൽ അറിയിച്ചിരുന്നു.
പത്തു മുതൽ 20 മെട്രിക്ക് ടൺവരെയാണ് ഇവിടുത്തെ സ്വർണ നിക്ഷേപങ്ങളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം ഇന്ത്യ ഇറക്കുമതി ചെയ്തത് എഴുന്നൂറു മുതൽ എണ്ണൂറ് മെട്രിക്ക് ടൺ സ്വർണമാണ്. ആഭ്യന്തരമായി വർഷത്തിൽ 1.6 ടൺ സ്വർണമാണ് ഇന്ത്യയിലെ ഉത്പാദനം. ഈ കണക്ക് 2020ലേതാണ്. ഒഡിഷയിലെ സ്വർണം ഇന്ത്യൻ ഉത്പാദനത്തിൽ വമ്പന്‍ മാറ്റങ്ങളൊന്നും കൊണ്ടുവരില്ലെങ്കിലും ആഭ്യന്തര ഉത്പാദനത്തിനൊപ്പം സാമ്പത്തിക വൈവിധ്യവത്കരണത്തിനും കാരണമാകും.
ഒഡിഷ സർക്കാരും ഒപ്പം ഒഡിഷ മൈനിംഗ് കോർപ്പറേഷനും ജിഎസ്‌ഐയും പുതിയ കണ്ടെത്തൽ വാണിജ്യവത്കരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. ദിയോഗഡിലെ ആദ്യ ഖനന ബ്ലോക്ക് ലേലത്തിൽ വയ്ക്കാനുള്ള പദ്ധതികളുമുണ്ട്. ഇത് സംസ്ഥാനത്തെ ധാതുമേഖലയ്ക്ക് പുതുജീവനേകുന്നതാണ്. ഒഡിഷയിലെ സ്വർണഖനികൾ പ്രാദേശികർക്കാണ് ഏറ്റവും ഗുണം ചെയ്യുക എന്നാണ് വിലയിരുത്തൽ. അപ്രതീക്ഷിതവും അതിലുപരി വിലയേറിയതുമായ ഈ കണ്ടുപിടത്തത്തോടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി പ്രശ്‌നത്തിനും പരിഹാരമാകും.
Content Highlights: Gold reserve found in various districts of Odisha