
സിന്ധു നദി ജല കരാർ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യൻ വിമാന സർവീസുകൾ കടന്നുപോകാതിരിക്കാൻ വ്യോമപാതയടച്ച പാകിസ്താന് രണ്ട് മാസത്തെ നഷ്ടം 4.10 ബില്യൺ പാകിസ്ഥാൻ രൂപ. പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ വെള്ളിയാഴ്ചയാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. പാകിസ്താന്റെ പ്രതിരോധ വകുപ്പാണ് ഇന്ത്യൻ വിമാന യാത്രകൾക്ക് തടയിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ഏപ്രിൽ 23നായിരുന്നു ഇന്ത്യ സിന്ധു നദി ജല കരാർ റദ്ദാക്കിയത്. പിറ്റേ ദിവസമാണ് വ്യോമപാത പാകിസ്താൻ അടച്ചത്. അന്നു മുതൽ ജൂൺ 30വരെയുള്ള നഷ്ടത്തിന്റെ കണക്കാണ് ഇപ്പോൾ നിലവിൽ വന്നത്. 150ഓളം ഇന്ത്യൻ എയർക്രാഫ്റ്റുകളെയാണ് ഈ തീരുമാനം ബാധിച്ചത്.
അതേസമയം 2019നെ അപേക്ഷിച്ച് 2025ൽ പാകിസ്താൻ എയർപോർട്ട് അതോറിറ്റിയുടെ വരുമാനം വർധിച്ചിട്ടുണ്ട്. 2019ലും അതിർത്തി സംഘർഷം മൂലം പാകിസ്താൻ വ്യോമപാത അടച്ചിരുന്നു. അന്ന് 54 മില്യൻ ഡോളറായിരുന്നു പാകിസ്താന് നഷ്ടം. ഇപ്പോഴും പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത തുറന്ന് കൊടുത്തിട്ടില്ല. ഓഗസ്റ്റ് അവസാന ആഴ്ചവരെ അത് നിലനിൽക്കുമെന്നാണ് വിവരം. ഇന്ത്യൻ വ്യോമപാത പാകിസ്താനു വേണ്ടിയും തുറന്നു കൊടുത്തിട്ടില്ല.
Content Highlights: Pakistan lost crores in shutting airspace for Indian flights