
ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികൾ ആരാണെന്ന് അറിയാതെ കെട്ടികിടക്കുന്ന പണത്തിന്റെ കണക്കുകൾ പാർലമെന്റിൽ പുറത്തുവിട്ട് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രാലയം. ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 67,003 കോടി രൂപയാണ് അവകാശികൾ ആരാണെന്ന് അറിയാതെ കിടക്കുന്നത്.
2025 ജൂൺ 30 വരെയുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം പൊതുമേഖലാ ബാങ്കുകളിൽ 58,330.26 കോടി രൂപയും സ്വകാര്യ മേഖലയിൽ 8,673.72 കോടി രൂപയുമാണ് അവകാശികൾ ഇല്ലാതെ കെട്ടികിടക്കുന്നത്. പൊതുമേഖല ബാങ്കില്‍ എസ്ബിഐയിലാണ് ഏറ്റവും കൂടുതൽ തുക അവകാശികളില്ലാതെ കിടക്കുന്നത്. എസ്ബിഐയിൽ 19,329.92 കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്ക് 6,910.67 കോടി രൂപയും കാനറ ബാങ്ക് 6,278.14 കോടി രൂപയും അവകാശികളില്ലാതെ കിടക്കുന്നുണ്ടെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം മറുപടി പറഞ്ഞു.
സ്വകാര്യ ബാങ്കുകളിൽ ഐസിഐസിഐ ബാങ്കിലാണ് ഏറ്റവും കൂടുതൽ തുകയുള്ളത്. 2,063.45 കോടി രൂപയാണ് ഈ ബാങ്കിലുള്ളത്. എച്ച്ഡിഎഫ്സി ബാങ്കാണ് തൊട്ടുപിന്നിൽ 1,609.56 കോടി രൂപയാണ് ഇവിടെയുള്ളത്. ആക്‌സിസ് ബാങ്കിൽ 1,360.16 കോടി രൂപയും അവകാശികൾ ഇല്ലാതെ കിടക്കുന്നുണ്ട്. അതേസമയം അറിയപ്പെടാതെ പോവുന്ന ഇത്തരം നിക്ഷേപങ്ങൾ തിരിച്ചറിയുന്നതിനായി ആർബിഐ പൊതുജനങ്ങൾക്കായി യുഡിജിഎം (അൺക്ലെയിംഡ് ഡെപ്പോസിറ്റ്‌സ്- ഗേറ്റ്‌വേ ടു ആക്സസ് ഇൻഫർമേഷൻ) എന്ന പേരിൽ കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
'2025 ജൂലൈ 1 വരെ, 8,59,683 ഉപയോക്താക്കൾ UDGAM പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ആക്സസ് ചെയ്യുകയും ചെയ്തു. ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ഒന്നിലധികം ബാങ്കുകളിലായി ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ/തുകകൾ കേന്ദ്രീകൃത രീതിയിൽ ഒരിടത്ത് തിരയാൻ സൗകര്യമുണ്ടാവും' എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട്, 2014 ലെ ദി ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ട് സ്‌കീമിന്റെ (സ്‌കീം) വ്യവസ്ഥകൾ അനുസരിച്ച്, സ്‌കീമിന് അനുസൃതമായി ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു കമ്മിറ്റി ഉണ്ടായിരിക്കുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: Unclaimed deposits in Indian banks are Rs 67,003 crore from SBI to HDFC