2026 മുതൽ 500 രൂപ നോട്ടുകൾ നിരോധിക്കുമോ? കേന്ദ്രസർക്കാർ പറയുന്നതെന്ത്

2026 ആവുമ്പോഴേക്കും 500 രൂപയുടെ നോട്ടുകളും നിർത്തലാക്കും എന്നാണ് അഭ്യൂഹങ്ങൾ

dot image

നോട്ട് നിരോധനം എന്ന് കേൾക്കുമ്പോഴേ നമ്മുടെയൊക്കെ ചങ്കിടിക്കാൻ തുടങ്ങും അല്ലെ.. സർക്കാർ പുതുതായി പുറത്തിറക്കിയ 2000 രൂപ നോട്ടും നിർത്തലാക്കിയത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. എന്നാൽ 2026 ആവുമ്പോഴേക്കും 500 രൂപയുടെ നോട്ടുകളും നിർത്തലാക്കും എന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. എന്താണ് ഇതിന് പിന്നിലെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.

2026ൽ 500 രൂപ നോട്ടുകൾ നിർത്തലാക്കും എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ഒരു യൂട്യൂബ് വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. വീഡിയോ പ്രചരിച്ചതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് നിരവധി ആളുകൾ. എന്നാൽ റിസർവ് ബാങ്കിന്‍റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇത് തീർത്തും വ്യാജ വാർത്തയാണെന്നും, ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ജൂൺ 2ന് കാപിറ്റൽ ടിവി എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 500 രൂപ നോട്ടുകൾ നിരോധിക്കുന്നു എന്ന വ്യാജ വാർത്ത പുറത്ത് വന്നത്. അടുത്ത വർഷം മാർച്ച് മുതൽ 500 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നായിരുന്നു 12 മിനിട്ട് ദെെർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കിയത്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

''500 രൂപ നോട്ടുകൾ നിർത്തലാക്കിയിട്ടില്ല, അവ ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്നതാണ്.'' സംഭവത്തിന് ശേഷം കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്തുത പരിശോധന ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) എക്‌സ് അക്കൗണ്ടിൽ കുറിച്ചു. 'ഇത്തരം വാർത്തകൾ വിശ്വസിക്കുകയോ, മറ്റുള്ളവരിലേക്ക് എത്തിക്കുകയോ ചെയ്യും മുൻപ്, ഔദ്യോഗിക ഉറവിടങ്ങൾ കൂടി പരിശോധിക്കുക.' എന്ന മുന്നറിയിപ്പ് കൂടി പിഐബി പോസ്റ്റിനൊപ്പം ചോർത്തു. തെറ്റായ വാർത്തകൾക്ക് തലവയ്ക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

2016ലെ സമ്പൂർണ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ 500 രൂപ നോട്ടുകളാണ് നിലവിൽ നമ്മുടെ കൈകളിൽ ഉള്ളത്. രാജ്യത്ത് നടക്കുന്ന അഴിമതികൾ തടയുന്നതിനും, കള്ളനോട്ട്, കള്ളപ്പണം എന്നിവ തുടച്ചുനീക്കുന്നതിനുമായിരുന്നു കേന്ദ്രസർക്കാരിന്റെ ഈ നീക്കം.

2016 നവംബർ 8ന് നിരോധിച്ച 500 രൂപ നോട്ടുകൾക്ക് പകരം രണ്ട് ദിവസത്തിന് ശേഷം പുതിയ നോട്ടുകൾ പുറത്തിറക്കി.1000 രൂപയുടെ നോട്ടുകൾ നിരോധിക്കുകയും പകരം 2000ത്തിന്റെ നോട്ടുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. പിന്നീട് 2023 മെയ് മാസത്തിൽ 2000 രൂപയുടെ നോട്ടുകളും നിർത്തലാക്കി.

Content Highlight; Will ₹500 Notes Be Discontinued by 2026? Here's What the Government Says

dot image
To advertise here,contact us
dot image