
ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 800ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 82000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24,850 പോയിന്റിലും താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി ബാങ്ക് 0.76 ശതമാനം, നിഫ്റ്റി ഐടി 0.86 ശതമാനം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട സെക്ടറുകളില്‍ ഉണ്ടായ ഇടിവ്. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ഓട്ടോ, എഫ്എംസിജി, എനര്‍ജി, ഇന്‍ഫ്രാ ഓഹരികളും നഷ്ടം നേരിട്ടു.
അതേസമയം, രൂപയുടെ മൂല്യവും ഇടിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ഡോളറിനെതിരെ വലിയ മുന്നേറ്റം കാഴ്ചവെച്ച രൂപ, ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 85.29ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. ഇന്നലെ 35 പൈസയുടെ നേട്ടത്തോടെ 85.10 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തതിരുന്നത്. വെള്ളിയാഴ്ച 50 പൈസയുടെ നേട്ടവും രൂപ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്.
കൂടാതെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയും വര്‍ധിച്ചു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.
Content Highlights: Stock market plunges; Rupee value also falls