ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയർത്തിയ ഉസ്താദ്; നിമിഷക്ക് വേണ്ടി നിലകൊണ്ടതിന് കേൾക്കേണ്ടിവന്ന പഴികൾക്ക് മാപ്പ്'

'നിമിഷയുടെ ജയില്‍ മോചനമെന്ന കടമ്പ ഇനിയും കടക്കാനുണ്ട്'

dot image

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയക്കായി ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നന്ദി പറഞ്ഞ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍. 94-ാം വയസ്സിന്റെ പരിക്ഷീണമൊന്നും അലട്ടാതെ, അര്‍പ്പിതബോധത്തോടെ നേര്‍വഴിക്ക് തങ്ങളെ നയിച്ച, ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഉസ്താദിനും ടീം മര്‍കസിനും അഭിവാദ്യങ്ങള്‍ അറിയിക്കുന്നുവെന്ന് സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിമിഷയുടെ ജയില്‍ മോചനമെന്ന കടമ്പ ഇനിയും കടക്കാനുണ്ട്. സര്‍ക്കാരുകളും നിരവധി വ്യക്തികളും സംഘടനകളുമൊക്കെ അതിനായി സജീവമായി രംഗത്തുണ്ട്. അതും ഉടന്‍ സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കാം. നിമിഷക്ക് വേണ്ടി നിലകൊണ്ടതിന് കേള്‍ക്കേണ്ടിവന്ന എല്ലാ പഴികള്‍ക്കും കാന്തപുരത്തോട് മാപ്പ് ചോദിക്കുന്നതായി സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. കാന്തപുരത്തിനൊപ്പം തങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന ഒരായിരം സുമനസുകളുണ്ട്. നിസ്സീമമായ പിന്തുണ തന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമുണ്ട്. സര്‍ക്കാരും, കോടതികളുമുണ്ട്. എല്ലാവര്‍ക്കും ഹൃദയം ചേര്‍ത്തുവെച്ച നന്ദി അറിയിക്കുന്നുവെന്നും സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതാണ് ജീവന്‍. അതുകൊണ്ടു തന്നെ അറിഞ്ഞു കൊണ്ടു കൊലക്കു കൊടുക്കുന്നതിന് എന്നും എതിരാണ്. വധശിക്ഷ പ്രാകൃതമാണെന്നും പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടതാണെന്നും വിശ്വസിക്കുന്നു. മനുഷ്യരായാല്‍ തെറ്റുകള്‍ ചെയ്‌തേക്കാം. മൃതദേഹങ്ങളും ഗര്‍ഭസ്ഥ ശിശുക്കളും മാത്രമേ തെറ്റു ചെയ്യാത്ത മനുഷ്യരായി ഉണ്ടാകൂ എന്നല്ലേ?

ചേര്‍ത്തുപിടിച്ചു തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ആകണം. തെറ്റുകള്‍ തിരുത്തി ശരിമയുടെ പാതയില്‍ സഞ്ചരിക്കാന്‍ അവസരങ്ങള്‍ ഒരുക്കണം. എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും യെമനിലെ നീതി നിര്‍വഹണ സംവിധാനം നിമിഷപ്രിയയെ കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചതാണ്. ശരിഅ നിയമത്തിലെ ദിയാധനം എന്ന മാര്‍ഗം ഉപയോഗിച്ച് നിമിഷയെ കൊലമരത്തില്‍ നിന്നും രക്ഷിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഒടുവില്‍ നിമിഷയുടെ വധശിക്ഷ റദ്ദാക്കപ്പെട്ടിരിക്കുന്നു! ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ ഷെയ്ഖ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയര്‍ക്ക് ഹൃദയത്തില്‍ നിന്നുമൊരു ലാല്‍സലാം. അവിശ്വാസിയായ എനിക്ക് വിശ്വാസികളുടെ സുല്‍ത്താനില്‍ ഒരിക്കല്‍ പോലും അവിശ്വാസം നേരിടാത്ത ദിനരാത്രങ്ങള്‍. അത്രമേല്‍ ആത്മവിശ്വാസത്തോടെ നടത്തിയ ഇടപെടലുകള്‍.

94 -ാം വയസ്സിന്റെ പരിക്ഷീണമൊന്നും അലട്ടാതെ, അര്‍പ്പിതബോധത്തോടെ നേര്‍വഴിക്കു ഞങ്ങളെ നയിച്ച, ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഉസ്താദിനും ടീം മര്‍കസിനും ഒരായിരം അഭിവാദ്യങ്ങള്‍. നിമിഷയുടെ ജയില്‍ മോചനമെന്ന കടമ്പ ഇനിയും കടക്കാനുണ്ട്. സര്‍ക്കാരുകളും നിരവധി വ്യക്തികളും സംഘടനകളുമൊക്കെ അതിനായി സജീവമായി രംഗത്തുണ്ട് - അതും ഉടന്‍ സാധ്യമാക്കാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതിന്, നിമിഷക്ക് വേണ്ടി നിലകൊണ്ടതിന് കേള്‍ക്കേണ്ടിവന്ന എല്ലാ പഴികള്‍ക്കും ഞങ്ങള്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു. ബഹു. കാന്തപുരത്തിനൊപ്പം ഞങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന ഒരായിരം സുമനസുകളുണ്ട്. നിസ്സീമമായ പിന്തുണ തന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമുണ്ട്. സര്‍ക്കാരും, കോടതികളുമുണ്ട്. എല്ലാവര്‍ക്കും ഹൃദയം ചേര്‍ത്തുവെച്ച ഒരായിരം നന്ദി

Content Highlights- Advocate subash chandran fb post to thank kanthapuram for his involvement to help nimishapriya

dot image
To advertise here,contact us
dot image