
ആദായ നികുതി വകുപ്പ് വീടും ഓഫീസും ഒക്കെ റെയ്ഡ് ചെയ്ത് പണവും സ്വര്‍ണവും ഒക്കെ പിടിച്ചെടുത്ത വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ നമ്മുടെ രാജ്യത്ത് ഒരു വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും എന്ന്. അധിക പണം വീട്ടില്‍ സൂക്ഷ്‌ക്കുന്നത് നിയമവിരുദ്ധമാണോ? നിയമപരമായി ഒരാള്‍ക്ക് എത്ര പണം സൂക്ഷിക്കാനാവും? ഇതുമായി ബന്ധപ്പെട്ടുള്ള ആദായ നികുതി നിയമങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാം.
വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് നിയമ പരിധി ഉണ്ടോ?
വീട്ടില്‍ സൂക്ഷിക്കാവുന്ന പണത്തിന് ആദായനികുതി വകുപ്പ് ഉയര്‍ന്ന പരിധികള്‍ നിശ്ചയിച്ചിട്ടില്ല. പക്ഷേ പണം വിശ്വസനീയമായ ഒരു ഉറവിടത്തില്‍നിന്നാണ് വരുന്നതാവണമെന്ന് നിര്‍ബന്ധമുണ്ട്. നിങ്ങളുടെ ആദായ നികുതി റിട്ടേണുകളില്‍ (ഐടിആര്‍) ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അധികൃതരാല്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പണത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയുകയും വേണം.
ആദായ നികുതി നിയമത്തിലെ 68മുതല്‍ 69B വരെയുള്ള വകുപ്പുകള്‍ കൂടുതലുളള ആസ്തികളെയും വരുമാനത്തെയും പരാമര്‍ശിക്കുന്നു. നിങ്ങളുടെ കൈവശമുളള പണത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് പറയാന്‍ നിങ്ങളെക്കൊണ്ട് കഴിയുന്നില്ല എങ്കില്‍ അത് വെളിപ്പെടുത്താത്ത വരുമാനമായി കണക്കാക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ആകെ തുകയുടെ 78 ശതമാനം വരെ ആദായനികുതി വകുപ്പ് നിങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയും പിഴയും ചുമത്തിയേക്കാം.
പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ രേഖകള്‍ നിര്‍ബന്ധം
പണം കൈവശം വയ്ക്കുന്നതിനുളള പരമാവധി പരിധി നിയമത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും വിശദീകരിക്കാനാവാത്തവിധമുളള തുകകള്‍ സംശയത്തിനിടയാക്കും. ഒരു വ്യക്തി വീട്ടില്‍ സൂക്ഷിക്കേണ്ട തുകയ്ക്ക് അവരുടെ വരുമാനത്തിന്റെയോ സമ്പാദ്യത്തിന്റെയോ ഔദ്യോഗിക രേഖകള്‍ ഉണ്ടായിരിക്കണം. സുതാര്യത നിലനിര്‍ത്താനും നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് നിര്‍ണായകമാണ്. അന്വേഷണ സമയത്ത് ഓരോ രൂപയുടെയും ഉറവിടം തെളിയിക്കുന്ന രേഖകള്‍ ആവശ്യമാണ്. വരുമാന രേഖകള്‍, ബിസിനസ് അക്കൗണ്ടുകള്‍, ഐടിആര്‍ ഫയലിംഗുകള്‍ എന്നിവയൊക്കെ കൈവശമുണ്ടായിരിക്കണം.
Content Highlights:How much money can one keep at home, and is there a legal limit to how much money one can keep at home? How much money can one keep at home in our country?