
വണ്ണം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നവരുണ്ട്. പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിന് ആളുകള്‍ ശാസ്ത്രീയമായ വഴിയല്ല തിരഞ്ഞെടുക്കാറ്. വണ്ണം കുറയ്ക്കാന്‍ സ്വയം തോന്നുന്നത് പോലെയാണ് ഡയറ്റ്. എന്നാല്‍ ഇത് എത്രത്തോളം അപകടകരമാണെന്ന് മനസിലാക്കാന്‍ ഈയടുത്ത കാലങ്ങളിലായി സ്വയം തിരഞ്ഞെടുത്ത വണ്ണം കുറയ്ക്കല്‍ ഉപാധികള്‍ മൂലം മരണപ്പെട്ടവരുടെ കണക്ക് നോക്കിയാല്‍ മതിയാവും. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയാണ് വണ്ണം കുറയ്ക്കാന്‍ മൂന്ന് മാസം ജ്യൂസ് മാത്രം കുടിച്ച പതിനേഴ് വയസുകാരന്റെ മരണം. തമിഴ്‌നാട് സ്വദേശിയായ ശക്തീശ്വരനാണ് തടി കുറയ്ക്കാന്‍ ജ്യൂസ് മാത്രം കുടിച്ച് മൂന്ന് മാസം തള്ളിനീക്കിയത്. എന്നാല്‍ സ്വയം തിരഞ്ഞെടുത്ത ഈ മാര്‍ഗം മരണത്തിലേക്ക് നയിച്ചു.
അശാസ്ത്രീയമായ ഡയറ്റ് ശരീരത്തെ എങ്ങനെ ബാധിക്കും എന്ന് വ്യക്തമാക്കുകയാണ് സീതാറാം ഭാരതീയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ രാധിക താക്കൂര്‍.
ജ്യൂസ് മാത്രം കുടിക്കുമ്പോള്‍ ശരീരത്തിന് സംഭവിക്കുന്നതെന്ത്?
തടി കുറയ്ക്കുന്നതിനായി ഏതെങ്കിലും വിദഗ്ധരെ സമീപിക്കാതെ നടത്തുന്ന ഡയറ്റുകള്‍ വളരെ അപകടകരമാണ്. വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് ഫാറ്റ്, കാര്‍ബ്, വിറ്റാമിനുകള്‍, മിനറലുകള്‍, മൈക്രോന്യൂട്രിയന്‍സ് എന്നിവ അത്യാവശ്യമാണ്. ഇത് പ്രതിരോധ സംവിധാനത്തെക്കൂടി പിന്തുണയ്ക്കുന്നു എന്നതും പ്രധാനമാണ്.
മാസങ്ങളായി തുടര്‍ന്ന ജ്യൂസ് ഡയറ്റ് ശക്തീശ്വരന്റെ ശാരീരിക പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ താളം തെറ്റിച്ചിരുന്നു. ജ്യൂസ് മാത്രം കുടിച്ചതിലൂടെ ശരീരത്തിന് അത്യാവശ്യമായ വിറ്റാമിനുകളും എല്ലാ ധാതുക്കളും ലഭിക്കാതെ പോയി. ഇതാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശരീര പ്രവര്‍ത്തനങ്ങള്‍ങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജമില്ലെങ്കില്‍ ശരീരം മസില്‍ പ്രോട്ടീനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു, ഇത് വലിയ രീതിയിലുള്ള താളംതെറ്റലുകള്‍ ശരീരത്തിലുണ്ടാകാന്‍ കാരണമാകും.
ശാസ്ത്രീയമായ ഡയറ്റ് എന്തുകൊണ്ട് പ്രധാനമാകുന്നു?
ശരീരത്തിന്റെ ഇന്ധനമാണ് ഭക്ഷണം. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ പോഷകാഹാരക്കുറവ് മുതല്‍ പേശികള്‍ക്ക് ബലക്കുറവ് വരെയുള്ള അവസ്ഥകള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഇത് ക്രമേണ ഹൃദയത്തിന്റെ പേശികള്‍ക്ക് മുതല്‍, ശ്വാസകോശത്തിന്റെ പേശികള്‍ക്ക് വരെ പ്രശ്‌നമാകുന്ന തരത്തിലേക്ക് മാറും. ഇത് അനിയന്ത്രിതമായ തലത്തിലേക്ക് ശരീരാരോഗ്യത്തെ മാറ്റാന്‍ കാരണമാകുന്നു.
വണ്ണം കൂടുന്നുവെന്നോ, തടി കുറയ്ക്കണമെന്നോ തോന്നുകയാണെങ്കില്‍ കൃത്യമായി ഡോക്ടറെ അല്ലെങ്കില്‍ ഡയറ്റീഷ്യനെയോ സമീപിക്കുക. അശാസ്ത്രീയമായി സ്വയം തിരഞ്ഞെടുക്കുന്ന ഡയറ്റ് മരണത്തിലേക്ക് വരെ നയിച്ചേക്കാം.
Content Highlight; TN Teen Dies After 3-Month Juice Diet: Experts Warn