

വിദേശ വിനിമയ മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് പേടിഎമ്മിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പേടിഎം ബ്രാൻഡിന്റെ ഓപ്പറേറ്ററായ വൺ 97 കമ്മ്യൂണിക്കേഷൻസിന് (ഒസിഎൽ) അനുബന്ധ സ്ഥാപനങ്ങളുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 611 കോടി രൂപയുടെ ഇടപാടുകൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
മുമ്പ് ഗ്രൂപ്പോൺ എന്നറിയപ്പെട്ടിരുന്ന ലിറ്റിൽ ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് (LIPL), നിയർബൈ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (NIPL) എന്നീ രണ്ട് അനുബന്ധ സ്ഥാപനങ്ങളെ ഒസിഎൽ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് പുതിയ അന്വേഷണം. കമ്പനിയുടെ ചില ഡയറക്ടർമാരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
611 കോടി രൂപയിൽ ഏകദേശം 345 കോടി രൂപ എൽഐപിഎൽ ഉൾപ്പെടുന്ന നിക്ഷേപ ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. 21 കോടി രൂപ എൻഐപിഎല്ലുമായി ബന്ധപ്പെട്ടതാണ്. ബാക്കി തുക ഒസിഎല്ലുമായി ബന്ധപ്പെട്ടതാണെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗ് പറയുന്നു. അതേസമയം ഈ ഇടപാടുകൾ കമ്പനികൾ ഒസിഎൽ കമ്പനിയുടെ ഭാഗമാല്ലാതിരുന്നപ്പോൾ നടന്നതാണെന്നാണ് പേടിഎം നൽകുന്ന വിശദീകരണം.
പ്രശ്‌നം പരിഹരിക്കുന്നതിനും മറുപടി നൽകുന്നതിനും കമ്പനി ആവശ്യമായ നിയമോപദേശം തേടുകയും ഉചിതമായ പരിഹാരങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുവെന്ന് പേടിഎം പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സംഭവങ്ങൾ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും നിലവിൽ നൽകുന്ന സേവനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അവ പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടരുമെന്നും പേടിഎം പറഞ്ഞു.
2017-ൽ, പേടിഎം ഡീൽ ഡിസ്‌കവറി പ്ലാറ്റ്ഫോമുകളായ Nearbuy.com, ലിറ്റിൽ ഇന്റർനെറ്റ് എന്നിവയുമായി ലയിപ്പിച്ചിരുന്നു. അതേസമയം നേരത്തെയും പേടിഎം പേയ്മെന്റ് ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു. 2024 മാർച്ച് 1 മുതൽ പേടിഎം പേയ്മെന്റ്‌സ് ബാങ്കിന്റെ മിക്ക പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ നേരത്തെ ആർബിഐ ഉത്തരവിട്ടിരുന്നു.
Content Highlights: Paytm receives FEMA notice from ED for alleged violations