

വിപണി പ്രതീക്ഷകളെ മറികടന്നുകൊണ്ടുള്ള ഡിസംബർ പാദ ഫലങ്ങൾ പ്രഖ്യാപിച്ച് മുത്തൂറ്റ് ഫിനാൻസ്. കമ്പനിയുടെ ലാഭം ഇരട്ടിയിലധികമായി വർധിച്ച് 2656 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1363 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 94.88 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ മൊത്തം വരുമാനം ഈ പാദത്തിൽ ഏകദേശം 64 ശതമാനം വർധിച്ച് 7,269 കോടിയായി.അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 2,721 കോടിയിൽ നിന്ന് 64 ശതമാനം ഉയർച്ച കൈവരിച്ചു. 2025 ഡിസംബർ 31 ലെ കണക്കനുസരിച്ച് കമ്പനി മാനേജ്‌മെന്റിന് കീഴിലുള്ള വായ്പ ആസ്തികൾ 1.64 ലക്ഷം കോടി ആയും റിപ്പോർട്ട് ചെയ്തു, ഇത് 2025 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ 1.11 ലക്ഷം കോടിയിൽ നിന്നും 48 ശതമാനം മുന്നേറ്റമാണ്.

മികച്ച പാദഫലത്തിന് പിന്നാലെ ഓഹരികളിലെ ഇടിവ് ?
വരുമാനം വർധിച്ചെങ്കിലും തുടർച്ചയായ പാദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാന ബിസിനസ് ലാഭം കുറയുകയും പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത്തിന്റെ വേഗത കുറയുന്നതായും ബ്രോക്കറേജുകൾ ആശങ്ക ഉയർത്തുന്നുണ്ട്. ഈ ആശങ്ക തന്നെയാണ് പാദഫലത്തിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ ഓഹരികളിൽ വലിയ വീഴ്ചയുണ്ടാകാൻ കാരണം. ഓഹരിവില 3,577 എന്ന ഇടിവിലേക്ക് നീങ്ങി. 2022 ഓഗസ്റ്റിന് ശേഷം ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞ 10 വ്യാപാര ദിനങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ ഓഹരി ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളൂ. 52 ആഴ്ചയിലെ ഉയർന്ന നിലയായ 4,149.50 ൽ നിന്നും ഇന്നത്തെ ഇടിവോടെ ഏകദേശം 14.13 % താഴെയാണ് ഓഹരികൾ വ്യാപാരം നടത്തുന്നത്.
ബ്രോക്കറേജുകൾ പറയുന്നത്
ചില ബ്രോക്കറേജുകൾ ഒറ്റത്തവണ മാത്രം ലഭിച്ച വരുമാനമാണ് ലാഭം ഉയരാൻ കാരണമായതെന്ന് ആശങ്കപ്പെടുമ്പോൾ, മറ്റുചിലർ സ്വർണ്ണ വായ്പകളുടെ ദീർഘകാല ആവശ്യകത ശക്തമാണെന്ന പ്രതീക്ഷയാണ് മുന്നോട്ടുവെക്കുന്നത്. സ്വർണ വായ്പാ വളർച്ചയും പണയം വച്ച സ്വർണ്ണത്തിന്റെ വീണ്ടെടുക്കലുകളുടെയും ലേലങ്ങളുടെയും പിന്തുണയുള്ള ഉയർന്ന വരുമാനവുമാണ് പ്രവർത്തന പ്രകടനം ശക്തമായി തുടരുന്നതെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ പറയുന്നു.

സുരക്ഷിതമല്ലാത്ത വായ്പകൾ കുറവായതിനാൽ വിപണിയിൽ ആവശ്യകത അനുകൂലമായിരിക്കും, ഇത് വായ്പ വളർച്ച തുടരാൻ സഹായിക്കുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷ. കൂടാതെ റേറ്റിംഗ് നിലനിർത്തുകയും ലക്ഷ്യവില 4,500 ആയി പുതുക്കുകയും ചെയ്തു.നുവാമ ഇന്സ്ടിട്യൂഷണൽ ഇക്വിറ്റീസ് വ്യത്യസ്തമായ വിലയിരുത്തലാണ് മുന്നോട്ടുവച്ചത്.
പ്രതീക്ഷിച്ചതിനെക്കാൾ ശക്തമായ വായ്പാ വളർച്ചയും ലാഭപ്രകടനവും കമ്പനി രേഖപ്പെടുത്തി . ആസ്തി ഗുണനിലവാരം ശക്തമായി വർധിച്ചതും, മാർജിനുകൾ മെച്ചപ്പെട്ടതും, ക്രെഡിറ്റ് ചെലവ് കുറഞ്ഞതുമാണ് മികച്ച പാദഫലത്തിന് പിന്നിൽ എന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.മത്സര സാഹചര്യത്തിലും വരുമാനം നിലനിർത്താനുള്ള കമ്പനിയുടെ കഴിവും, പുതിയ ശാഖകൾ ആരംഭിക്കാൻ അനുകൂലമായ അന്തരീക്ഷവും പരിഗണിച്ച്, ബ്രോക്കറേജ് 4,700 ലക്ഷ്യവിലയോടെ ‘ബൈ’ ശുപാർശയാണ് നൽകിയിട്ടുള്ളത്.
സ്വർണ വിലയിലെ ഇടിവ്
മുത്തൂറ്റ് ഫിനാൻസിന് പുറമെ ഐഐഎഫ്എൽ , മണപ്പുറം തുടങ്ങിയ പ്രധാന കമ്പനികളുടെ ഓഹരികളും ഇടിവിലാണ്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ കുത്തനെയുള്ള ഇടിവാണ് ഇതിന് കാരണം. സ്വർണ്ണ വില ഔൺസിന് 2.30% ഇടിഞ്ഞ് 4,964 ഡോളറിലെത്തി. അതേസമയം, വെള്ളി ഫ്യൂച്ചറുകൾ ഏകദേശം 9% ഇടിഞ്ഞ് 76.53 ഡോളറിലെത്തി. 2026 ലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണിത് . പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് തൊഴിൽ ഡാറ്റയെ തുടർന്നാണ് വിൽപ്പന ശക്തമായത് . ഇത് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. യുഎസ് ഡോളർ സൂചിക ഉയർന്നതും സ്വർണ്ണം, വെള്ളി തുടങ്ങിയ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങളെ കൂടുതൽ ചെലവേറിയതാക്കി.
Content Highlight : Muthoot Finance shares plunge over 14% despite strong earnings