

ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിങ് എളുപ്പമാക്കുന്നതിന് തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ ആദായനികുതി നിയമം സങ്കീര്‍ണതകള്‍ മാറ്റി കൂടുതല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാക്കും. ഫയലിങിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും പരാതി പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനുമാണ് സര്‍ക്കാര്‍ നീക്കം.

എന്നാല്‍ 2026ലെ കേന്ദ്ര ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ കാര്യമായ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന. കഴിഞ്ഞ ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നതിനാല്‍, ഇത്തവണ സ്ലാബുകളില്‍ മാറ്റം വരുത്തുന്നതിന് പകരം നികുതി ഘടനയെ ലളിതമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സാധാരണക്കാരായ നികുതിദായകര്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കലാണ് ലക്ഷ്യം.
പിശകുകളും പൊരുത്തക്കേടുകളും പരിഹരിക്കുന്നതിനും അനാവശ്യമായ സൂക്ഷ്മപരിശോധന കുറയ്ക്കുന്നതിനും നടപടിയെടുക്കും. വരുമാന ഡാറ്റ എങ്ങനെ ശേഖരിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും സാധൂകരിക്കുകയും ചെയ്യുന്നു എന്നതും നികുതിദായകര്‍ ദീര്‍ഘകാലമായി നേരിടുന്ന പ്രശ്നങ്ങളാണ്.
ഇന്ത്യയുടെ നേരിട്ടുള്ള നികുതി ചട്ടക്കൂട് ആധുനികവല്‍ക്കരിക്കുന്നതിനായാണ് ആദായനികുതി നിയമം, 2025 അവതരിപ്പിച്ചിരിക്കുന്നത്. നികുതി നിയമ നിര്‍മ്മാണം ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും, ആദായനികുതി വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2026-27 ലെ ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ വ്യക്തികള്‍, കോര്‍പ്പറേറ്റുകള്‍, എച്ച്യുഎഫ്, മറ്റുള്ളവര്‍ എന്നിവരുടെ നികുതിയുമായി ബന്ധപ്പെട്ട ഏത് മാറ്റങ്ങളും പുതിയ ഐടി ആക്റ്റ്, 2025 ല്‍ ഉള്‍പ്പെടുത്തും. പുതിയ ആദായനികുതി നിയമം നടപ്പിലാക്കുന്നതിനുള്ള നിയമങ്ങള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. 2027 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണത്തിന് ശേഷം ഇത് വിജ്ഞാപനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. ലളിതമായ ഭാഷയും യുക്തിസഹമായി വ്യവസ്ഥകള്‍ പുനഃക്രമീകരിക്കുന്നതിലൂടെയും, നികുതിദായകരുടെ ആശയക്കുഴപ്പം കുറയ്ക്കുന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു. ആഗോളതലത്തില്‍ മികച്ച രീതികളുമായി പൊരുത്തപ്പെടാനും, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും മാറ്റങ്ങള്‍ സഹായകരമാകും. വിശ്വാസാധിഷ്ഠിത നികുതി അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.

പുതിയ സംവിധാനം നടപടി ക്രമങ്ങള്‍ ലളിതമാക്കുമെങ്കിലും, നികുതിദായകര്‍ക്ക് പൂര്‍ണ്ണ തൃപ്തി നല്‍കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അധിക പലിശ വരുമാനം, മൂലധന നേട്ടങ്ങള്‍ അല്ലെങ്കില്‍ കിഴിവുകള്‍ എന്നിവ ഉള്‍പ്പെടുന്ന കേസുകളില്‍, ഫയലിങ് ലളിതമായിരിക്കും. എന്നാല്‍ ഇത് പൂര്‍ണ്ണമായും ഓട്ടോമാറ്റിക്ക് ആയിരിക്കില്ല. മാറ്റങ്ങളും പുതുക്കലുകളും വന്നാലും നികുതിദായകര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വീണ്ടും പരിശോധിക്കുകയും പ്രത്യേകിച്ച് വരുമാന സ്രോതസ്സുകള്‍ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കേണ്ടതുമുണ്ട്. പുതിയ നിയമം പ്രക്രിയയെ ലളിതമാക്കുന്നുവെങ്കിലും പൂര്‍ണ്ണ ഉത്തരവാദിത്തം ഫയല്‍ ചെയ്യുന്നയാളില്‍ തന്നെ തുടരും.
Content Highlights: salaried taxpayers may see a near verify-and-file experience, though careful review will still remain crucial.