റോക്കറ്റുകളടക്കം സൂക്ഷിച്ചയിടം! ISRO പ്രവർത്തനമാരംഭിച്ചത് കേരളത്തിലെ ഈ പള്ളിയിൽ

ഇന്ന് ഐഎസ്ആർഒ നടത്തുന്ന ദൗത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇങ്ങനൊരു ഭൂതകാലമുണ്ടായിരുന്നു എന്നത് അവിശ്വസനീയമായി തോന്നാം

റോക്കറ്റുകളടക്കം സൂക്ഷിച്ചയിടം! ISRO പ്രവർത്തനമാരംഭിച്ചത് കേരളത്തിലെ ഈ പള്ളിയിൽ
dot image

ബഹിരാകാശ പര്യവേഷണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ ആദ്യം വരുന്നത് വലിയ ലാബുകളും തലയുയർത്തി നിൽക്കുന്ന കെട്ടിടവും വമ്പൻ ഉപകരണങ്ങളുമൊക്കെ ആയിരിക്കും. പക്ഷേ നമ്മുടെ സ്വന്തം ISROയുടെ കഥ അങ്ങനെയല്ല. 1960കളിൽ ഒരു ക്രിസ്ത്യൻ പള്ളിയിലാണ് നമ്മുടെ ഐഎസ്ആർഒയുടെ പ്രവർത്തനം ശാസ്ത്രജ്ഞന്മാരുടെ ഒരു ചെറിയ സംഘം ആരംഭിച്ചത്. പേര് സെന്റ് മേരി മഗ്ദലന ചർച്ച്. കേരളത്തിലെ തുമ്പ ഗ്രാമത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഈ പള്ളിയിലാണ് ശാസ്ത്രജ്ഞർ റോക്കറ്റുകൾ അടക്കം സൂക്ഷിച്ചത്. പള്ളിയുടെ ഭാഗമായിരുന്ന ബിഷപ്പ് ഹൗസ് തന്നെയാണ് TERLS(തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ) ഡയറക്ടർ ഓഫീസായും പ്രവർത്തിച്ചത്. 1985ൽ പള്ളി കൂടുതൽ മോടിപിടിപ്പിച്ചു. പിന്നീട് ഇത് വിഎസ്എസ്‌സി സ്‌പേസ് മ്യൂസിയമായി.

ഇന്ന് ഐഎസ്ആർഒ നടത്തുന്ന ദൗത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇങ്ങനൊരു ഭൂതകാലമുണ്ടായിരുന്നു എന്നത് അവിശ്വസനീയമായി തോന്നാം. അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതികൾ ഒന്നും വകവയ്ക്കാതെ ഇന്ന് ആഗോള തലത്തിൽ ശ്രദ്ധ നേടുന്ന നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കിയത് തടസങ്ങളെ ഒന്നും വകവയ്ക്കാഞ്ഞ ആദ്യകാല ശാസ്ത്രസംഘം തന്നെയാണ്. വമ്പൻ ബജറ്റുകളോ വിലകൂടിയ മെഷീനുകളോ സ്വന്തമായില്ല. ആകെയുള്ളത് പദ്ധതികളായിരുന്നു. കാര്യങ്ങൾ അറിയാനും ആ വഴിയെ സഞ്ചരിക്കാനുമുള്ള ദൃഢമായ തീരുമാനമായിരുന്നു.

 St Mary Magdalene Church, Kerala, Thumba
 St Mary Magdalene Church

ആദ്യകാലങ്ങളിൽ റോക്കറ്റുകളും അവയുടെ ഭാഗങ്ങളും ട്രക്കുകളിലോ ഫോർക്ക്‌ലിഫ്റ്റുകളിലോ ആയിരുന്നില്ല ഇവിടേക്ക് എത്തിയിരുന്നത്. ചിലപ്പോൾ സൈക്കിളുകളെയാണ് ആശ്രയിച്ചിരുന്നത്. റോക്കറ്റ് പരീക്ഷണങ്ങൾ, പ്രൊപ്പൽഷൻ ഫിഗർ ഔട്ട് ചെയ്യുന്നത് എല്ലാത്തിനും അടിസ്ഥാനമിട്ടത് ഒന്നുമില്ലായ്മയിൽ നിന്നാണ്. പള്ളി, സൈക്കിളുകൾ, കുഞ്ഞ് ശാസ്ത്രസംഘം എന്നിവയെല്ലാം ഒന്നുമില്ലായ്മയിൽ നിന്നും വലിയ കാര്യങ്ങൾ ചെയ്യുക എന്ന ഐഎസ്ആർഒയുടെ മനസ്ഥിതിയുടെ അടയാളമാണ്.

പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഐഎസ്ആർഒ ബഹിരാകാശം, ചന്ദ്രൻ എന്തിന് ചൊവ്വയിലേക്ക് വരെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. മാത്രമല്ല പല രാജ്യങ്ങളും ചെലവഴിക്കുന്നതിനെക്കാൾ കുറച്ച് പണമാണ് ഇന്ത്യ ഇതിനായി ഉപയോഗിക്കുന്നത്. ചന്ദ്രയാൻ 1ലൂടെ ഇന്ത്യ ചന്ദ്രനിലെ ജലതന്മാത്രകളെ കണ്ടെത്തി. മംഗൾയാൻ ചൊവ്വയുടെ സമീപത്തെത്തി. ജിപിഎസിനെക്കാൾ പലപ്പോഴും കൃത്യത പുലർത്തുന്ന NAVIC നാവിഗേഷൻ സിസ്റ്റം വികസിപ്പിച്ചു. ഇതൊന്നും ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ല, മറിച്ച് വർഷങ്ങളോളമുള്ള പരീക്ഷണങ്ങളും വിജയപരാജയങ്ങളും നേരിട്ടതിന് ശേഷം കരസ്ഥമാക്കിയതാണ്. ഒരിക്കലും ഐഎസ്ആർഒ പരാജയങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ല. അവയിൽ നിന്നും പാഠമുൾക്കൊണ്ട് മുന്നിലേക്ക് കുതിക്കുകയാണ്.

Content Highlights: ISRO’s origins trace back to Thumba, Kerala. St. Mary Magdalene Church was used as the first space research facility

dot image
To advertise here,contact us
dot image