വികാരങ്ങൾ നയിച്ച ആസ്തികൾ, യുവാക്കൾ പിന്നാലെ; ക്രിപ്റ്റോ കറൻസികളിൽ ഇനി വേണ്ടത് ജാഗ്രതയും ശുഭാപ്തിവിശ്വാസവും

2025 ല്‍ പൊതുവെ നിക്ഷേപകര്‍ക്ക് റിസ്‌ക് എടുക്കാന്‍ താല്പര്യം കുറവായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്

വികാരങ്ങൾ നയിച്ച ആസ്തികൾ, യുവാക്കൾ പിന്നാലെ; ക്രിപ്റ്റോ കറൻസികളിൽ ഇനി വേണ്ടത് ജാഗ്രതയും ശുഭാപ്തിവിശ്വാസവും
സുമ സണ്ണി
4 min read|03 Jan 2026, 03:59 pm
dot image

ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് 2025ല്‍ ഉയര്‍ച്ച താഴ്ചകളിലൂടെയാണ് കടന്നു പോയത്. മൊത്തത്തില്‍ 'ജാഗ്രതയോടെ ശുഭാപ്തിവിശ്വാസമുള്ള ഒരു കാഴ്ചപ്പാടായിരുന്നു' ക്രിപ്റ്റോ കറന്‍സികളുടെ കാര്യത്തില്‍ നിക്ഷേപകര്‍ എടുത്തത്. മാര്‍ക്കറ്റ് തിരുത്തലിന് മുമ്പ് ഒക്ടോബറില്‍ ബിറ്റ്കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന 126,000 ഡോളറിലെത്തി.

2025 ജനുവരിയില്‍ യുഎസ് സ്പോട്ട് ബിറ്റ്കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഇടിഎഫ്) റെക്കോര്‍ഡ് നിക്ഷേപവും ഉണ്ടായതോടെ വിലകള്‍ 100,000 ഡോളറിന് മുകളിലായി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിലയില്‍ നേരിയ ഏകീകരണവും ചെറിയൊരു ഇടിവും ഉണ്ടായി. തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തെയും പാദങ്ങളില്‍ തിരിച്ചുവരവ് ഉണ്ടായി.

ഒക്ടോബറില്‍ 126,000 ഡോളറില്‍ പുതിയ എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തിയ ബിറ്റ് കോയിന്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഗണ്യമായ ഇടിവിലേക്ക് പോയി. വിപണി നിലവില്‍ ഏകീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2026ലെ വളര്‍ച്ചയെക്കുറിച്ച് പൊതുവെ 'ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം' ആയിരിക്കും ക്രിപ്റ്റോ വിപണികളില്‍ ഉണ്ടാകുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇടിവ് ഉണ്ടായിരുന്നിട്ടും, 2025-ല്‍ നിരവധി പ്രധാന സംഭവവികാസങ്ങള്‍ ക്രിപ്‌റ്റോ വിപണിയെ രൂപപ്പെടുത്തി. വര്‍ഷത്തിന്റെ തുടക്കത്തില്‍, ബിറ്റ്‌കോയിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുന്ന നീക്കമായ സ്ട്രാറ്റജിക് ബിറ്റ്‌കോയിന്‍ റിസര്‍വ് സൃഷ്ടിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. പരമ്പരാഗത സാമ്പത്തിക സംവിധാനങ്ങള്‍ക്കുള്ളില്‍ ഡിജിറ്റല്‍ ആസ്തികളുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ സൂചനയായി ഈ നടപടി വ്യാപകമായി കാണപ്പെട്ടു. ട്രംപിന്റെ കുടുംബത്തിന്റെ ക്രിപ്റ്റോ സംരംഭങ്ങളും കാര്യങ്ങള്‍ ഉഷാറാക്കി.

2025 മധ്യത്തോടെ 'GENIUS' ആക്ട് പാസാക്കിയത് യുഎസ് ഡോളര്‍ പിന്തുണയുള്ള സ്റ്റേബിള്‍ നാണയങ്ങള്‍ക്ക് വ്യക്തമായ ഒരു ചട്ടക്കൂട് നല്‍കി. ഇത് വിപണി ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ബിസിനസുകളും ധനകാര്യ സ്ഥാപനങ്ങളും സ്റ്റേബിള്‍ നാണയങ്ങള്‍ വ്യാപകമായി സ്വീകരിക്കുന്നത് 2026 ലും കൂടുമെന്നു പ്രതീക്ഷിക്കുന്നു.

ദീര്‍ഘകാല നിക്ഷേപകര്‍ വരെ 2025 ല്‍ പല ക്രിപ്റ്റോ കറന്‍സികളും വിറ്റൊഴിഞ്ഞത് വിലകളില്‍ വന്‍ ഇടിവ് വരാന്‍ കാരണമായിരുന്നു. ദുര്‍ബലമായ വ്യാപാരങ്ങള്‍, സാങ്കേതിക തകരാറുകള്‍ എന്നീ കാരണങ്ങളും ക്രിപ്റ്റോകറന്‍സികളെ വലച്ചിരുന്നു.

ബ്ലോക്ക് ചെയിന്‍ തലവര മാറ്റും

ഇടിവ് ഉണ്ടായിരുന്നിട്ടും, മെച്ചപ്പെട്ട നിയന്ത്രണം, വര്‍ദ്ധിച്ചുവരുന്ന സ്ഥാപനപരമായ ഇടപെടല്‍, ബ്ലോക്ക്ചെയിന്‍ ദത്തെടുക്കല്‍ എന്നിവ ദീര്‍ഘകാല ശുഭാപ്തിവിശ്വാസം നിലനിര്‍ത്തുന്ന ഘടകങ്ങളാണ്. 2026 ക്രിപ്‌റ്റോ മാര്‍ക്കറ്റിന് വഴിത്തിരിവ് വര്‍ഷമായി കണക്കാക്കുന്നു. 2025 ല്‍ പേയ്‌മെന്റുകള്‍ക്കും സെറ്റില്‍മെന്റുകള്‍ക്കും സ്റ്റേബിള്‍കോയിനുകള്‍ കൂടുതല്‍ സ്വീകാര്യത നേടി. എന്നാല്‍ നിരവധി രാജ്യങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ക്കായുള്ള പൈലറ്റ് പദ്ധതികളുമായി മുന്നോട്ട് പോകുന്നത് ക്രിപ്റ്റോകറന്‍സികള്‍ക്ക് ക്ഷീണമുണ്ടാക്കും എന്ന അഭിപ്രായമുണ്ട്.

ഡിസംബറില്‍ യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിങ് കമ്മീഷന്‍, സ്‌പോട്ട് ക്രിപ്‌റ്റോ ഉല്‍പ്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യാന്‍ അനുവദിച്ചത് മറ്റൊരു നാഴികക്കല്ലായി. ശക്തമായ നിയന്ത്രണ മേല്‍നോട്ടം, മികച്ച സുതാര്യത, സ്ഥാപന പങ്കാളിത്തം എന്നിവയെല്ലാം ക്രിപ്റ്റോ വിപണിക്ക് 2025ല്‍ ഊര്‍ജം നല്‍കി. ദശലക്ഷക്കണക്കിന് ഡെവലപ്പര്‍മാര്‍ ബ്ലോക്ക്ചെയിന്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നത് ക്രിപ്റ്റോകറന്‍സികള്‍ക്ക് 2025ല്‍ ഗുണകരമായി. വിലയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം 2026 ലും തുടരും എന്നാണ് കണക്കാക്കുന്നത്.

വികാരങ്ങള്‍ നയിക്കുന്ന ആസ്തികള്‍

2025 ല്‍ പൊതുവെ നിക്ഷേപകര്‍ക്ക് റിസ്‌ക് എടുക്കാന്‍ താല്പര്യം കുറവായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ബിറ്റ് കോയിന്‍ ഉയര്‍ന്നെങ്കിലും, പിന്നീട് പെട്ടെന്ന് തന്നെ താഴ്ന്നത്. ബിറ്റ് കോയിനില്‍ മാത്രമല്ല, നിക്ഷേപിക്കുന്ന ആസ്തികളില്‍ നിന്ന് ഇടക്കിടക്ക് ലാഭമെടുക്കുന്ന രീതി 2025 ല്‍ സ്വര്‍ണത്തിലും, വെള്ളിയിലും ഓഹരികളിലും ഉണ്ടായിരുന്നു. 2024 ല്‍ കൂടുതല്‍ പണം വേണം എന്ന രീതിയില്‍ 'ഗ്രീഡ്' അല്ലെങ്കില്‍ ആര്‍ത്തി ആയിരുന്നു നിക്ഷേപകര്‍ക്കുണ്ടായിരുന്ന വികാരം. എന്നാല്‍ 2025 ല്‍ അത് ഭയത്തിലേക്ക് വഴിമാറിയതായും കാണാം. എന്തും എപ്പോഴും സംഭവിക്കാം അതുകൊണ്ട് കയ്യില്‍ എപ്പോഴും പണം ആവശ്യമാണ് എന്ന ചിന്തയില്‍ ഹൃസ്വ കാലയളവില്‍ തന്നെ 'ലാഭമെടുപ്പ്' ഓരോ ആസ്തികളിലും ശക്തമായിരുന്നു.

ഒരു പരിധിവിട്ട് ഓഹരികളും, ക്രിപ്റ്റോ കറന്‍സികളും ഉയരാത്തതിന് കാരണവും ഇതായിരുന്നു. എന്നാല്‍ സ്വര്ണത്തെയും, വെള്ളിയെയും വിശ്വസിക്കാം എന്ന വികാരത്തില്‍ വിശ്വസിച്ചു നിക്ഷേപകര്‍ 2025 ല്‍ കൂടുതല്‍ അവയിലേക്ക് പണമൊഴുക്കുകയും, വിലകള്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ നിക്ഷേപകരുടെ ഭയത്തിലും, ആര്‍ത്തിയിലും അടിസ്ഥാനമായ പെരുമാറ്റ രീതികളായിരുന്നു 2025 ല്‍ സ്വര്‍ണത്തെയും, വെള്ളിയെയും വളര്‍ത്തിയതും; ക്രിപ്റ്റോ കറന്‍സികളെയും, ഇന്ത്യയില്‍ ഓഹരി വിപണിയെയും തളര്‍ത്തിയതും എന്ന് പറയേണ്ടി വരും. 2026 ല്‍ നിക്ഷേപകരുടെ ഇതേ പെരുമാറ്റ രീതികള്‍ ഏതൊക്കെ ആസ്തികളില്‍ വിശ്വാസമര്‍പ്പിക്കുകയും, ഏതൊക്കെ ഒഴിവാക്കുകയും ചെയ്യുമെന്ന് കാത്തിരുന്നു കാണാം.

Content Highlights:

dot image
To advertise here,contact us
dot image